പഴത്തോട്ടത്തിലെ അതിഥി - ഫല്‍സ

Posted on: 27 Jan 2014


കേരളത്തിലെ പഴത്തോട്ടങ്ങളിലേക്ക് പുതിയ ഒരു ഫലസസ്യംകൂടി വിരുന്നെത്തി, ഫലം തന്നുതുടങ്ങി 'ഫല്‍സ'. പാകിസ്താനില്‍ നിന്നാണ് ഈ ചെറുസസ്യത്തിന്റെ വരവ്. ധാരാളം ചെറുശാഖകളോടെയാണ് വളര്‍ച്ച. ദീര്‍ഘവൃത്താകാരമായ ചെറിയ ഇലകള്‍, കടുപ്പം കുറഞ്ഞ തടി എന്നീ പ്രത്യേകതകളുമുണ്ട്. നാട്ടിലെ ഉഷ്ണ - മിതോഷ്ണ കാലാവസ്ഥകള്‍ക്ക് യോജിച്ച പ്രകൃതം. വേനലാണ് പ്രധാന പൂക്കാലം. ശാഖാഗ്രങ്ങളില്‍ ചെറുമഞ്ഞപ്പൂക്കള്‍ വിടര്‍ന്നുകൊഴിഞ്ഞ ശേഷം ചെറുനെല്ലിക്കാവലിപ്പമുള്ള പച്ചക്കായ്കള്‍ ഫല്‍സ ചെടിയില്‍ നിറയെ കാണാം. രണ്ടു മാസം കൊണ്ട് കായ്കള്‍ വിളയുമ്പോള്‍ ചുവപ്പു നിറവും പൂര്‍ണമായും പഴുക്കുമ്പോള്‍ ചുവപ്പു കലര്‍ന്ന കറുപ്പുനിറവുമായിത്തീരും.

ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ക്ക് മധുരവും നേരിയ പുളിയും കലര്‍ന്ന രുചിയാണ്. ഭക്ഷ്യപാനീയങ്ങള്‍ നിര്‍മിക്കാന്‍ ഫല്‍സാ പഴങ്ങള്‍ ഉപയോഗിക്കാം. ചെറുവിത്തുകള്‍ പാകി മുളപ്പിച്ചെടുത്ത തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. പതിവെച്ച തൈകളും യോജിച്ചതാണ്. വെള്ളക്കെട്ടില്ലാത്ത മണ്ണില്‍ ചെറുകുഴികളെടുത്ത് ജൈവ വളങ്ങള്‍ ചേര്‍ത്ത് ഫല്‍സ നടാം.

രാജേഷ് കാരാപ്പള്ളില്‍

rajeshkarapalli@yahoo.com


Stories in this Section