ബനാന സ്‌കിപ്പറിനെ നിയന്ത്രിക്കാം
Posted on: 18 Jan 2014
വാഴക്കൃഷിക്കാരെ ആശങ്കയിലാഴ്ത്തി 'ബനാന സ്‌കിപ്പര്‍' എന്ന കീടത്തിന്റെ ആക്രമണം വ്യാപകമാവുന്നു. നിലവില്‍ വാഴക്കൃഷിക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതികൂല ഘടകങ്ങള്‍ക്ക് പുറമേയാണ് വര്‍ധിച്ചുവരുന്ന കീടാക്രമണം.ഇലകള്‍ കത്രികകൊണ്ട് വെട്ടിയതുപോലെ തൂങ്ങിക്കിടക്കുന്നത് കാണാം.
ഇല വെട്ടി ചുരുളാക്കി പുഴു അതിനുള്ളിലിരുന്ന് ഭക്ഷിക്കുന്നത് കാരണം ഉത്പാദനശേഷിയെ കാര്യമായി ബാധിക്കുന്നു.
ബനാന സ്‌കിപ്പര്‍ എന്ന ശലഭത്തിന്റെ പുഴുക്കളാണ് ഇലകളെ ആക്രമിക്കുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചാരനിറം കലര്‍ന്ന പച്ച നിറത്തിലുള്ളതായിരിക്കും. പിന്നീട് ഇവയുടെ നിറം ഇളംപച്ചയാകും. സില്‍ക്ക് നൂലുകള്‍ പോലെയുള്ള ചെറുരോമങ്ങള്‍ ഉള്ള പുഴുക്കളുടെ ശരീരം മെഴുകുപോലെ വെള്ളനിറത്തിലുള്ള പദാര്‍ഥം കൊണ്ട് ആവരണം ചെയ്തിരിക്കും. പകല്‍സമയത്ത് ചുരുളുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടുന്ന പുഴുക്കള്‍ രാത്രി കാലങ്ങളിലാണ് ആക്രമണം തുടങ്ങുന്നത്. രണ്ടിഞ്ചുവരെ നീളം കാണുന്ന പുഴുക്കള്‍ ഇലച്ചുരുളുകള്‍ക്കുള്ളിലിരുന്നുകൊണ്ടുതന്നെ സമാധിദശയിലെത്തുന്നു.
പുഴുക്കള്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ കൈകള്‍ കൊണ്ട് ഞെരുക്കി നശിപ്പിക്കാം. കൂടുതല്‍ എണ്ണം പുഴുക്കള്‍ വാഴത്തോട്ടത്തില്‍ ആക്രമണം നടത്തുന്നുണ്ടെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനി തളിച്ചുകൊടുക്കാം. വിപണിയില്‍ ലഭിക്കുന്ന നിംബിസിഡിന്‍ 2-5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കണം.
ആക്രമണം രൂക്ഷമാണെങ്കില്‍ രാസകീടനാശിനികളായ ക്വിനാല്‍ഫോസ് 4 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ ക്ലോര്‍പെറിഫോസ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ പ്രയോഗിക്കാവുന്നതാണ്. രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതിന് മുമ്പ് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
ചന്ദ്രന്‍ കെ.
കൃഷിഅസിസ്റ്റന്റ് ഡയറക്ടര്‍
പെരുമ്പടപ്പ്, മലപ്പുറം ജില്ല
ഫോണ്‍: 9846058539