അഴകിന്റെ റാണി അക്കി

Posted on: 01 Dec 2013


ചുവന്നുതുടുത്ത കശുമാങ്ങാ പഴങ്ങള്‍പോലെ നിറയെ കായ്കളുമായി ആരെയും ആകര്‍ഷിക്കുന്ന ജമൈക്കന്‍ സസ്യമാണ് 'അക്കി'. ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് ഈ നിത്യഹരിത സസ്യത്തിന്റെ വളര്‍ച്ച. നല്ല അലങ്കാരസസ്യവും തണല്‍ വൃക്ഷവുമായ അക്കിക്ക് വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സ്വഭാവമാണ്.

അക്കിപ്പഴങ്ങള്‍ ചുവപ്പുനിറത്തില്‍ എപ്പോഴും മരങ്ങളില്‍ കാണാം. കായ്കള്‍ക്കുള്ളില്‍ കാണുന്ന തലച്ചോര്‍ ആകൃതിയിലുള്ള പരിപ്പ് ഭക്ഷ്യയോഗ്യമാണ്. ജമൈക്കയില്‍ വെജിറ്റബിള്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന ഇവയുടെ പാകമാകാത്ത കായ്കള്‍ക്കുള്ളിലെ പരിപ്പില്‍ വിഷാംശം ഉണ്ടാകാം. മൂത്ത് പാകമായാല്‍ ഈ പ്രശ്‌നം ഉണ്ടാകാറില്ല. കശുവണ്ടി പരിപ്പിന്റെ രുചിയുള്ള പരിപ്പ് കറികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. ജമൈക്കയില്‍ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

അക്കി പഴങ്ങളില്‍നിന്ന് ലഭിക്കുന്ന കറുത്തുരുണ്ട ചെറിയ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും വളരുന്ന അക്കിക്ക് വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. തേനീച്ച കര്‍ഷകര്‍ക്ക് അനുഗ്രഹമാണ് അക്കി. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് യോജിച്ചതെങ്കിലും നാട്ടില്‍ ഇവ പ്രചാരത്തിലായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.

രാജേഷ് കാരാപ്പള്ളില്‍

rajeshkarapalliOyahoo.com


Stories in this Section