സുവര്‍ണവിള കിവാനോ

Posted on: 06 Nov 2013


ആഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തി താരമാകാന്‍ ഒരുങ്ങുകയാണ് 'കിവാനോ' എന്ന വെള്ളരിവര്‍ഗ വിള. നാട്ടിലെ ഉഷ്ണമേഖലയിലും വളര്‍ന്ന് കായ്കള്‍ ഉണ്ടാകുന്ന ഇവ നാട്ടില്‍കാണുന്ന കക്കിരിയുടെ ബന്ധുവാണ്.

ഉരുണ്ട പാവക്കയുടെ രൂപമുള്ള കിവാനോപഴങ്ങളുടെ പുറംനിറയെ വലിയ മുള്ളുകള്‍ നിറഞ്ഞുനില്ക്കും. വെള്ളരിപോലെ നിലത്ത് പടര്‍ത്തിയോ പന്തല്‍ ഒരുക്കിയോ വളര്‍ത്താം. മുള്ളന്‍ കക്കിരി, ആഫ്രിക്കന്‍ കുക്കുംബര്‍ എന്നെല്ലാം വിളിപ്പേരുള്ള ഈ സുവര്‍ണ വിളയുടെ കായ്കള്‍ക്ക് കിലോഗ്രാമിന് അഞ്ഞൂറിലധികം രൂപ കിട്ടുമെന്നാണ് അറിവ്.

മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ക്കുള്ളിലെ മാധുര്യമേറിയ പള്‍പ്പാണ് ഭക്ഷ്യയോഗ്യം. ജീവകം-സി, കാത്സ്യം, മംഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയവ നിറഞ്ഞ പള്‍പ്പില്‍നിന്ന് ഭക്ഷ്യപാനീയങ്ങള്‍ നിര്‍മിക്കുകയുമാകാം. ഓസ്‌ട്രേലിയ, കാലിഫോര്‍ണിയ തുടങ്ങിയ രാജ്യങ്ങളിലെ കൃഷിയിടങ്ങളില്‍ കാണുന്ന ഇവ നാട്ടിലെ വെള്ളരിപോലെ തന്നെയാണ് കൃഷിചെയ്യേണ്ടത്. ജൈവവളങ്ങള്‍ ചേര്‍ത്ത് തടമെടുത്ത് നാലുവിത്തുകള്‍ ഓരോ തടത്തിലും കുത്തിയിടാം. വള്ളികള്‍ പടരുന്നതിനനുസരിച്ച് നിലത്ത് ഓലമടലുകളോ മരക്കമ്പുകളോ നിരത്തികൊടുക്കണം. പന്തല്‍ നിര്‍മിച്ച് മുകളിലേക്ക് പടര്‍ത്തിവിടുകയും ചെയ്യാം. രണ്ടുമാസത്തിനുള്ളില്‍ വള്ളിയിലാകെ ചെറു മഞ്ഞപ്പൂക്കള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും.

പരാഗണം നടന്ന പെണ്‍പൂക്കള്‍ വളര്‍ന്ന് കായ്കള്‍ വിളയാന്‍ രണ്ടുമാസമെടുക്കും. മഴ കിട്ടുന്നില്ലെങ്കില്‍ ജലസേചനം കിവാനോയ്ക്ക് നിര്‍ബന്ധമാണ്. ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കുന്നത് കൂടുതല്‍ കായ്ക്കാന്‍ സഹായിക്കും.

കായകള്‍ മുള്ളുനിറഞ്ഞ് കാണുന്നതിനാല്‍ കീടാക്രമണത്തെ പ്രകൃത്യാതന്നെ ഇവ അതിജീവിക്കും. കിവാനോ എന്ന മുള്ളന്‍ കക്കിരിക്ക് കേരളത്തില്‍ വാണിജ്യകൃഷിക്ക് സാധ്യതകള്‍ ഏറെയാണ്.

രാജേഷ് കാരാപ്പള്ളില്‍ ഫേ
ാണ്‍: 9495234232


Stories in this Section