
ഡെങ്കിപ്പനി, മലമ്പനി, തക്കാളിപ്പനി, ചിക്കുന്‍ഗുനിയ ഇതെല്ലാം നമുക്കറിയാമല്ലോ. എന്നാല്‍ വാഴപ്പനി കേട്ടിട്ടുണ്ടോ? പേടിക്കേണ്ടതില്ല. മനുഷ്യരെ ഉപദ്രവിക്കില്ല. എന്നാല്‍ വാഴയില്‍ ദോഷവുമാണ്. പേരില്‍ പനിയെന്നു കാണുമെങ്കിലും ഇതൊരു പനിയേയല്ല. മറിച്ച് വാഴയില്‍ അശാസ്ത്രീയമായ പരിചരണവും അമിത രാസവളപ്രയോഗവും വഴിയാണീയവസ്ഥ വരുന്നത്. ആദ്യം, തൃശ്ശൂര്‍ എറണാകുളം ജില്ലകളില്‍ മാത്രമാണീ രോഗം കണ്ടതെങ്കിലും ഇന്നിത് എല്ലാ പ്രദേശങ്ങളിലെ വാഴയിലും തലവേദനയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വാഴയുടെ ആരോഗ്യം ക്ഷയിക്കുകയും പൂര്‍ണ്ണമായി നശിക്കുകയും ചെയ്യും.
ആരോഗ്യത്തോടെ വളരുന്ന വാഴകളുടെ ഇലകള്‍ ഒന്നൊന്നായി ഒടിഞ്ഞി പോവുന്നതാണ് ആദ്യലക്ഷണം. പിന്നീട് ഇലയും തടയും ചേരുന്ന കക്ഷഭാഗത്ത് അഴുകാന്‍ തുടങ്ങും. ഇത്, വാഴപോളകളിലൂടെ താഴോട്ട് വ്യാപിച്ചു വരുന്നതായി കാണാം. പോളകള്‍ അഴുകുമ്പോള്‍ ആ ഭാഗത്ത് ചൂടും അനുഭവപ്പെടും. നാലഞ്ചു മാസം പ്രായമെത്തിയ വാഴകളിലാണീരോഗം ഏറെയും വരുന്നത്. എന്നാല്‍ ഇടയ്ക്കിത്, കുല വരുന്നയവസരത്തിലും രോഗലക്ഷണം കാണിച്ചേക്കും. ഇത്തരം വാഴകളുടെ കുലകള്‍ വളരാതെ മുരടിച്ച് കാണും. അശാസ്ത്രീയവും അസന്തുലിതവുമായ രീതിയിലുള്ള രാസവളങ്ങളുടെ പ്രയോഗം. സൂക്ഷ്മമൂലകങ്ങളുടെ കുറവ്, മണ്ണിലെ കൂടിയ അമ്ലാവസ്ഥ, എന്നിവ വാഴപ്പനിക്ക് കാരണമാണ്.
ഇനി വാഴപ്പനി വരാതിരിക്കാന്‍ ചില മുന്‍കരുതലാവശ്യമാണ്.
* മണ്ണുപരിശോധിച്ചു മാത്രം വാഴകള്‍ക്ക് വളം ചേര്‍ക്കുക
* മണ്ണില്‍ ആവശ്യമായ തോതില്‍ കുമ്മായവും ജൈവരാസവളങ്ങളും നല്‍കുക
* വാഴയ്ക്ക് ഫാക്ടംഫോസ് ചേര്‍ക്കുമ്പോള്‍ പൊട്ടാഷ് വളങ്ങള്‍ ചേര്‍ക്കണം
* കുമ്മായം അരകിലോ വീതം വാഴക്കന്നു നടുമ്പോഴും പിന്നീട് 3 മാസം കഴിഞ്ഞും ചേര്‍ക്കണം.
* 5 തവണയായി രാസവളം ചേര്‍ക്കണം.
* നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, വളങ്ങള്‍ ചേര്‍ക്കുമ്പോള്‍ അസന്തുലിതാവസ്ഥ ഒഴിവാക്കുക.