സസ്യരോഗ നിയന്ത്രണത്തിന് ചകിരിച്ചോര്‍ കേക്ക്‌

Posted on: 26 Oct 2013


സസ്യരോഗ നിയന്ത്രണത്തില്‍ ട്രൈക്കോഡെര്‍മ എന്ന മിത്രകുമിളിന്റെ പങ്ക് ലോക പ്രശസ്തമാണ്. ഇങ്ങനെയുള്ള മിത്രകുമിളുകളെ ലളിതമായരീതിയില്‍ കര്‍ഷകന്റെ കൈയില്‍ എത്തിച്ചെങ്കില്‍ മാത്രമേ ഉപയോഗപ്രദവും ലാഭകരവുമാവുകയുള്ളൂ.

ടാല്‍ക് പൗഡര്‍ ഉപയോഗിച്ചാണ് കൂടുതലായും ട്രൈക്കോ ഡെര്‍മ ചെറിയ തോതിലും വ്യാവസായികാടിസ്ഥാനത്തിലും ഉത്പാദിപ്പിക്കുന്നത്. ഈ ഉത്പന്നങ്ങള്‍ വളരെ കുറച്ചു നാള്‍ മാത്രമേ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയൂ. എന്നാല്‍, ചകിരച്ചോറുപയോഗിച്ചുണ്ടാക്കിയ പുതിയ ഉത്പന്നം 10-12 മാസം വരെ കേടുകൂടാതെ സാധാരണമുറികളില്‍ സൂക്ഷിക്കാവുന്നതാണ്.

ട്രൈക്കോ ഡെര്‍മ ചികിരിച്ചോറു കേക്ക് (ടി.സി.പി.സി.) എന്ന പേരിലുള്ള പുതിയ സസ്യസംരക്ഷണ ഉത്പന്നം കര്‍ഷകനു മാത്രമല്ല വ്യാവസായികാടിസ്ഥാനത്തിലും തയ്യാറാക്കാവുന്നതാണ്. ട്രൈക്കോ ഡെര്‍മകള്‍ച്ചറും അതുത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും എല്ലാ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലും കാര്‍ഷിക യൂണിവേഴ്‌സിറ്റികളിലും ലഭ്യമാണ്. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച തേങ്ങാവെള്ളത്തില്‍ (1:1) ഈ മിത്രകുമിളിനെ വളരെ ലാഭകരമായി വളര്‍ത്താം.

കയര്‍ഫാക്ടറികളില്‍ നിന്ന് ലഭിക്കുന്ന ചകിരിച്ചോറാണ് ടി.സി.പി.സി. എന്ന ഉത്പന്നത്തിലെ മറ്റൊരു പ്രധാന ഘടകം. ചകിരിച്ചോറ് അതേപടി തന്നെ പോളി പ്രൊപ്പലിന്‍ സഞ്ചികളില്‍ നിറച്ച് അതിന്റെ വായ് കെട്ടുകയോ സീല്‍ ചെയ്യുകയോ ചെയ്തശേഷം സാധാരണ പ്രഷര്‍കുക്കറില്‍ ആവിയില്‍ അരമണിക്കൂര്‍ അണുവിമുക്തമാക്കി തണുപ്പിച്ചാണ് ഉപയോഗിക്കുന്നത്.

ട്രൈക്കോ ഡെര്‍മകള്‍ച്ചറും ചകിരിച്ചോറും യോജിപ്പിച്ച് കേക്കുരൂപത്തിലാക്കിയെടുക്കുന്നതിന് മൈദയാണ് ഉപയോഗിക്കുന്നത്. ഇതിനായി, പശയുണ്ടാക്കുന്നതുപോലെ മൈദ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിക്കുന്നു. ട്രൈക്കോഡെര്‍മ കള്‍ച്ചറും (100 മി.ലി.) അണുനശീകരണം ചെയ്ത ചകിരിച്ചോറും (500 ഗ്രാം) മൈദപ്പശയും (70 ഗ്രാം മൈദ 280 മി.ലി.വെള്ളത്തില്‍) നന്നായി കലര്‍ത്തിയ മിശ്രിതം സേവനാഴി (ഇടിയപ്പം, നുറുക്ക് മുതലായവ ഉണ്ടാക്കുന്ന) പോലെയുള്ള ഉപകരണമുപയോഗിച്ച് കേക്ക് രൂപത്തിലാക്കി താഴ്ന്ന ഊഷ്മാവില്‍ ഓവനുകളില്‍ ഉണക്കിയെടുത്താണ് സസ്യരോഗനിയന്ത്രണത്തിനുള്ള ചകിരിച്ചോറുത്പന്നം തയ്യാറാക്കുന്നത്.

സാധാരണ ഒരു കേക്കിന് 30 ഗ്രാം മിശ്രിതം ഉപയോഗിക്കാം. ഉണങ്ങിയ ഒരു കേക്കിന്റെ ഭാരം വെറും അഞ്ച് ഗ്രാം മാത്രമാണ്.
ഇവ പോളിത്തീന്‍ സഞ്ചികളില്‍ നിറച്ച് സീല്‍ ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളപ്പോള്‍ ഉണങ്ങിയ കേക്കു കട്ടകള്‍ വെള്ളത്തില്‍ മുക്കി കുതിര്‍ക്കുന്നതോടെ ട്രൈക്കോഡെര്‍മ പ്രവര്‍ത്തന നിരതമാവുകയും വളരെ വേഗം വളര്‍ന്ന് രണ്ടു ദിവസംകൊണ്ട് കേക്കിനെ പൊതിയുകയും ചെയ്യും. രോഗ-കീട നിയന്ത്രണത്തിനുള്ള പലതരം മിത്രകുമിളകളുടെയും ഉത്പന്നങ്ങള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചകിരിച്ചോറിലോ മണ്ണിര കമ്പോസ്റ്റിലോ തയ്യാറാക്കാവുന്നതാണ്.

തെങ്ങ്, കമുക്, കൊക്കോ മുതലായ വിളകളിലും നഴ്‌സറികളിലും പല രോഗങ്ങളും നിയന്ത്രിക്കുന്നതിന് പുതുതായി വികസിപ്പിച്ചെടുത്ത ചകിരിച്ചോറുത്പന്നങ്ങള്‍ വളരെ ഫലപ്രദമാണെന്ന് കര്‍ഷകരുടെ തോട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ചകിരിച്ചോറുത്പന്നങ്ങള്‍ രോഗ-കീട നിയന്ത്രണത്തില്‍ നല്ലൊരു വഴിത്തിരിവായി മാറുമെന്ന് പ്രത്യാശിക്കാം.

(കൂടുതല്‍ വിവരങ്ങള്‍ക്ക് സി.പി.സി.ആര്‍. ഐ.യിലോ 9447564688 എന്ന നമ്പറിലോ ബന്ധപ്പെടുക.)

ഡോ. ആര്‍. ചന്ദ്രമോഹന്‍
(സി.പി.സി.ആര്‍.ഐ. സസ്യസംരക്ഷണ വിഭാഗം മുന്‍ മേധാവി)


Stories in this Section