രാസകീടനാശിനികളുടെ ഉപയോഗം പരമാവധി നിയന്ത്രിച്ച്, ജൈവ- ജീവാണു രോഗ കീടനാശിനികളുടെ പ്രയോഗത്തിനാണ് മിക്കവരും താത്പര്യമെടുക്കുന്നത്. പച്ചക്കറിവിളകളിലെ മിക്ക രോഗ കീടങ്ങള്‍ക്കുമെതിരെയും ജൈവ-ജീവാണു മരുന്നുകള്‍ ഫലപ്രദമാണ്. ഇതില്‍ ചില നാടന്‍ ചെടിയിലകളുടെ സത്തും മികച്ച കീടനാശിനിയാണ്.
കിരിയാത്ത് (നിലവേപ്പ്), ആര്യവേപ്പ്, ഉങ്ങ്, പുന്നമരം, അരളിമരം, ഒടുക്, അടയ്ക്കാമണിയന്‍, മൈലാഞ്ചി, കൃഷ്ണകിരീടം, പെരുവലം, നാറ്റപ്പൂച്ചെടി എന്നിങ്ങനെ നിരവധി സസ്യങ്ങള്‍ക്ക് കീടങ്ങളെ നശിപ്പിക്കാന്‍ ശേഷിയുണ്ട്.
നാറ്റപ്പൂച്ചെടിയുടെ വിശേഷമിതാ: തുളസിയുടെയും കാട്ടുതുളസിയുടെയും കുടുംബത്തില്‍പ്പെട്ട ചെടിയാണ് 'നാറ്റപ്പൂച്ചെടി'. നമ്മുടെ നാട്ടില്‍ ഒഴിഞ്ഞ പറമ്പുകളിലും റോഡരികിലും കൃഷിയിടങ്ങളിലും നിറയെ കാണുന്ന ചെടിയാണിത്. ഇതിന്റെ സത്ത് നല്ല കീടനാശിനിയാണ്. ചെടിയുടെ സത്തും ഗോമൂത്രവും കാന്താരിയും അലക്കുസോപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത ലായനി എല്ലാ പച്ചക്കറി, ഇലക്കറികളിലും തളിക്കാം. പരിസ്ഥിതിസൗഹാര്‍ദ കീടനിയന്ത്രണ മരുന്നാണിത്. ചീരയിലെ പുഴുശല്യം, പയറിലെ മുഞ്ഞശല്യം, പേന്‍ശല്യം, പടവലപ്പുഴു എന്നിവയ്‌ക്കെല്ലാം മികച്ച മരുന്നാണിതിന്റെ സത്ത്.
നാറ്റപ്പൂച്ചെടി സമൂലം ചതച്ച് നീരെടുക്കണം. 60 ഗ്രാം ബാര്‍സോപ്പ് നന്നായി അരിഞ്ഞ് 50 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കണം. രണ്ടുംകൂടി നന്നായി യോജിപ്പിച്ച് ഇളക്കി പത്തിരട്ടി വെള്ളംചേര്‍ത്ത് തളിക്കാനെടുക്കാം. ചെടിയുടെ സത്ത്, നന്നായി അരിച്ചെടുക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ചാണ് ചെടിയില്‍ തളിക്കേണ്ടത്.
എം.എ. സുധീര്‍ ബാബു