കൊമ്പനോട് കൊമ്പുകോര്‍ക്കാം

Posted on: 29 Sep 2013


നിങ്ങളുടെ തോട്ടത്തിലെ തെങ്ങോലകള്‍ V ആകൃതിയില്‍ മുറിച്ചെടുത്ത രീതിയിലുള്ളതാണോ? എങ്കില്‍ കരുതിയിരിക്കുക. ഒറ്റക്കൊമ്പുള്ള ചെല്ലിയുടെ ആക്രമണം തെങ്ങിന്‍തോട്ടത്തില്‍ തുടങ്ങിക്കഴിഞ്ഞു.

തെങ്ങിന്റെ നാമ്പോലയില്‍ തുളച്ചുകയറി മൃദുലകോശങ്ങളില്‍ നിന്നും നീരൂറ്റി കുടിക്കുന്നതാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ചെല്ലിയുടെ പ്രധാന വിനോദം. ആക്രമണവിധേയമായ നാമ്പോല വിരിയുമ്പോഴാണ് ഓലക്കാലുകള്‍ മുറിഞ്ഞുകിടക്കുന്നതു കാണുക. കൂമ്പിന് അടിവശത്ത് ചകിരിനാരുപോലെ സസ്യാവശിഷ്ടങ്ങള്‍ കട്ടിയായി ദ്വാരത്തിന് പുറത്തുകാണുന്നതും ആക്രമണലക്ഷണം തന്നെ.

പൂങ്കുല തുരന്ന് നശിപ്പിക്കാനും കൊമ്പന്‍ ചെല്ലിക്ക് മടിയില്ല. തെങ്ങിന്റെ വില്ലനായ ചെല്ലിയെ സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ കൂമ്പുചീയല്‍ രോഗത്തിനുള്ള സാധ്യതയും കൂടും. കൊമ്പന്‍ചെല്ലി മുട്ടയിട്ട് പെരുകുന്ന വളക്കുഴികളില്‍ കുമ്മായപ്പൊടി വിതറുകയും വളക്കുഴിയുടെ ചുവരുകളില്‍ ചാണകം മെഴുകുകയും വേണം. പെരുവലത്തിന്റെ പൂവും ഇലയും അടക്കം വെട്ടി ചാണകക്കുഴിയില്‍ നിക്ഷേപിക്കുന്നതും ചെല്ലിയുടെ വളര്‍ച്ചനിരക്ക് കുറയ്ക്കും. പെരുവലച്ചെടിയും ചാണകവും 1:10 എന്ന അനുപാതത്തില്‍ കലര്‍ത്തി തെങ്ങിന്‍ തൈ തടത്തില്‍ ചേര്‍ത്തു കൊടുക്കുന്നത് കൊമ്പന്‍ ചെല്ലിയെ പ്രതിരോധിക്കും. ഒരേ അനുപാതത്തില്‍ വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ത്ത മിശ്രിതം വര്‍ഷത്തില്‍ രണ്ടു തവണ ഓലക്കവിളില്‍ നിറയ്ക്കുന്നത് കൊമ്പനെ ഒരു പരിധിവരെ തുരത്തും. ആവണക്കിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും വെള്ളം ചേര്‍ത്ത് തിളപ്പിച്ചാല്‍ കൊമ്പന്‍ ചെല്ലിക്കുള്ള ആകര്‍ഷണ മിശ്രിതമായി. ഈ മിശ്രിതം മണ്‍കുടത്തിലാക്കി വെളിച്ചമുള്ള സ്ഥലത്തുവെച്ച് വണ്ടുകളെ ആകര്‍ഷിക്കാം.

ബാക്കുലോവൈറസ് ഒറൈകുസ് ബാധിച്ച ചെല്ലികളെ ഉപയോഗിച്ചും കൊമ്പനെ നിയന്ത്രിക്കാം. രോഗബാധയുള്ള ചെല്ലിയുടെ വിസര്‍ജ്യത്തില്‍ക്കൂടി വൈറസ് ചുറ്റുപാടും പരക്കുന്നു. ഇത് മറ്റ് ചെല്ലികളിലും പുഴുക്കളിലും രോഗസംക്രമണത്തിന് ഇടയാക്കുകയും ചെല്ലിയുടെ വംശവര്‍ധന തടയുകയുമാണ് ചെയ്യുക. കൊമ്പന്‍ ചെല്ലികളിലെ പ്രത്യുത്പാദനശേഷി 90 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവെന്നതാണ് ബാക്കുലോവൈറസിനെ ജൈവകീട നിയന്ത്രണത്തിലെ താരമാക്കുന്നത്.

വൈറസ് മാത്രമല്ല കുമിളുകളും കൊമ്പന്‍ ചെല്ലിയുടെ നിയന്ത്രണത്തിനായി പ്രയോഗിക്കാം. ഉണക്കിയ കപ്പക്കഷ്ണണങ്ങളും തവിടും കലര്‍ത്തിയ മിശ്രിതത്തിലോ തേങ്ങാവെള്ളത്തിലോ വന്‍ തോതില്‍ വളര്‍ത്തിയെടുക്കാവുന്ന മെറ്റാറൈസിയം കുമിളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ചെല്ലിയുടെ എല്ലാ ദശകളും കുമിള്‍ ബാധയ്ക്ക് വിധേയമാണ്. 250 മില്ലി മെറ്റാറൈസിയം കുമിള്‍ കള്‍ച്ചര്‍ 750 മില്ലി വെള്ളവുമായി കലര്‍ത്തി ചെല്ലി വളരുന്ന സ്ഥലങ്ങളില്‍ തളിക്കണം. കുമിള്‍ ബാധയേറ്റ പുഴുക്കള്‍ ചലനശേഷി കുറഞ്ഞ് രണ്ടാഴ്ചയ്ക്കകം ചത്തുപോകും. ഒരിക്കല്‍ തളിച്ചാല്‍ ഏകദേശം രണ്ടുവര്‍ഷത്തോളം ഈ കുമിള്‍ വിത്തുകള്‍ ജീവനോടെ കഴിയും. കാസര്‍കോട്ടെ കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ കൊമ്പന്‍ ചെല്ലിയുടെ ജൈവകീടനിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പാക്കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസര്‍കോട്. ഫോണ്‍: 04994232894.

വീണാറാണി. ആര്‍.


Stories in this Section