കണിക്കൊന്നപോലെ റംബായി

Posted on: 20 Aug 2013


കണിക്കൊന്നപ്പൂക്കളെ ഓര്‍മപ്പെടുത്തുന്ന മനോഹരമായ മഞ്ഞപ്പഴങ്ങളുമായി ആരെയും ആകര്‍ഷിക്കുന്ന വൃക്ഷമാണ് 'റംബായി'. ഇവ ഫിലിപ്പീന്‍സില്‍നിന്ന് വിദേശമലയാളികള്‍ വഴിയാണ് നാട്ടിലെത്തിയത്.

മുപ്പതടിയിലേറെ ഉയരത്തില്‍ വളരുന്ന റംബായിയില്‍ ചുവടുമുതല്‍ മുകള്‍വരെ ഭൂമിക്ക് ലംബമായി ധാരാളം ശാഖകള്‍ ഉണ്ടാകും. സാവധാന വളര്‍ച്ചാ സ്വഭാവമുള്ള ഇത് പുഷ്പിക്കാന്‍ അഞ്ചാറുവര്‍ഷം കഴിയണം. ജനവരി, ഫിബ്രവരി മാസങ്ങളാണ് പൂക്കാലം. തുടര്‍ന്ന് തൂങ്ങിക്കിടക്കുന്ന രീതിയില്‍ ശാഖകളില്‍ കായ്കളുടെ കൂട്ടം കാണാം. ചെറുനെല്ലിക്കാ വലിപ്പമുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമായിത്തീരും.ഏപ്രില്‍ മാസത്തില്‍ നിറയെ പഴക്കുലകളുമായി റംബായിമരത്തെ കാണാം.

ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ക്ക് മധുരവും പുളിയും കലര്‍ന്ന രുചിയാണ്. തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഉദ്യാനസസ്യംപോലെ റംബായി വളര്‍ത്തുന്നുണ്ട്. ഇവയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍പ്പിച്ചെടുക്കാം. തൈകള്‍ ചെറുകൂടകളില്‍ മാറ്റിനട്ട് വളര്‍ന്നശേഷം തോട്ടത്തില്‍ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് കൃഷിചെയ്യാം. നാട്ടില്‍ റംബായി വൃക്ഷത്തിന് കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല.

രാജേഷ് കാരാപ്പള്ളില്‍

rajeshkarapallil@yahoo.com


Stories in this Section