ഞണ്ടിനെ തുരത്താന്‍ കരിവേലം

Posted on: 04 Aug 2013


ഞണ്ടുകള്‍ കൃഷിക്ക് ശല്യക്കാരാകാറുണ്ട്. പരിസ്ഥിതി സൗഹൃദപരമായിത്തന്നെ ഇവയെ നിയന്ത്രിക്കാം. ഞണ്ടുകള്‍ പച്ചക്കറിത്തൈകളെ നശിപ്പിക്കാറുണ്ട്.

കൂടാതെ നെല്ലും മത്സ്യവും സംയോജിതമായി വളര്‍ത്തുമ്പോള്‍ വരമ്പുകളില്‍ ഞണ്ടുകള്‍ ദ്വാരമുണ്ടാക്കി മത്സ്യങ്ങള്‍ പുറത്തേക്കൊഴുകാന്‍ സാഹചര്യമൊരുക്കും. അസമിലെ കര്‍ഷകര്‍ സസ്യജന്യ കീടനാശിനി ഉപയോഗിച്ച് ഇവയെ തുരത്തുന്നു. കരിവേലം (അക്കേഷ്യ നിലോട്ടിക്ക) എന്ന മരത്തിന്റെ ഇലയും പച്ചച്ചാണകവുമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുക.

ദുര്‍ഗന്ധമുള്ളതും വിഷവീര്യമുള്ളതുമാണ് കരുവേലത്തിന്റെ ഇലകള്‍. ഇതു ശേഖരിച്ച് അരച്ച് തുല്യഅളവ് പച്ചച്ചാണകം ചേര്‍ത്ത് ഞണ്ടുമാളങ്ങളുടെ അത്രയും വലിപ്പമുള്ള ഉരുളകളാക്കുന്നു.

ഇവയെ 3-4 മണിക്കൂര്‍ വെയിലത്ത് ഉണക്കിയശേഷം മാളത്തിന്റെ പ്രവേശനസ്ഥാനത്ത് വെക്കും. ഇതിലൂടെ ഞണ്ടുകള്‍ ഉള്ളിലിരുന്നു തന്നെ ചാകുന്നു.

ജി.എസ്.


Stories in this Section