വെണ്ടയിലെ മഞ്ഞളിപ്പ് രോഗം

Posted on: 21 Jul 2013



വെണ്ട മലയാളികള്‍ക്കേറെ പ്രിയപ്പെട്ട പച്ചക്കറിയാണ്. എന്നാല്‍, വെണ്ടയിലെ മഞ്ഞളിപ്പ് രോഗം, വലിയൊരു വേവലാതിതന്നെയാവാറുണ്ട്. രോഗകാരണം യെല്ലോ വെയിന്‍ മൊസേക്ക് വൈറസ് ആണ്. ഇത് വ്യാപിപ്പിക്കുന്നത് വെള്ളീച്ചകളാണ്. ഈ രോഗത്തിനെ 'നരയന്‍ രോഗം' എന്നും പറയും. ഇളം പ്രായം മുതല്‍ ചെടികള്‍ കായ്ഫലം തന്നുകഴിയുന്നതുവരെ ഏതുസമയത്തും രോഗം വരും. ഇലകളുടെ ഞരമ്പുകള്‍ മഞ്ഞളിപ്പ് തെളിഞ്ഞുവരുന്നതാണ് പ്രാരംഭ ലക്ഷണം. ഞരമ്പുകള്‍ക്കിടയിലുള്ള ഭാഗം പച്ചനിറത്തില്‍ തന്നെയായിരിക്കും.

രോഗം ബാധിച്ചാല്‍ ചെടിയുടെ വളര്‍ച്ചമുരടിക്കും. ഇലയുടെയും കായയുടെയും വലിപ്പം കുറയും. കായ്കള്‍ക്ക് മഞ്ഞനിറമാകും. വിളവ് വളരെയേറെ കുറയും. രോഗം ചെറുക്കുന്ന 'അര്‍ക്ക അനാമിക' എന്ന ബാംഗ്ലൂര്‍ വെണ്ടയിനം നല്ലതാണ്. ഇത് നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും യോഗിച്ചതുമാണ്. ഇതിന്റെ വിത്തിന് കേരള കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ. എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.

അര്‍ക്ക അനാമിക, വിത്ത് പാകി ഏതാണ്ട് 50 ദിവസമെത്തുമ്പോള്‍ വിളവെടുക്കാം. ആകെ 120 ദിവസത്തെ വിളദൈര്‍ഘ്യമുള്ള ഇതിന് ഒരു ഹെക്ടറില്‍ വേനലില്‍ 12 ടണ്ണും മഴക്കാലത്ത് 16 ടണ്ണും വിളവുതരാന്‍ ശേഷിയുണ്ട്. മഴക്കാല വെണ്ടകൃഷി ഇപ്പോള്‍ ചെയ്യാം. കൂടാതെ സപ്തംബര്‍-ഒക്ടോബറിലും, ജനവരി-ഫിബ്രവരിയിലും വെണ്ട നടാം. വേനല്‍കൃഷിയില്‍ വിളവ് കുറവാണ്. ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടി കള്‍ച്ചറല്‍ റിസര്‍ച്ചി'ന്റെ സംഭാവനയാണ് 'അര്‍ക്ക അനാമിക' വെണ്ടയിനം. സുസ്ഥിര, അര്‍ക്ക അഭയ്, വര്‍ഷ, ഉപഹാര്‍, പഞ്ചാബ് പത്മിനി എന്നീ വെണ്ടയിനങ്ങള്‍ നട്ടാലും മഞ്ഞളിപ്പ് രോഗം പ്രശ്‌നമല്ല.

നിയന്ത്രണമാര്‍ഗങ്ങള്‍


*രോഗം ബാധിച്ച വെണ്ടച്ചെടികള്‍ പിഴുതുനീക്കി തീയിടണം
*രോഗംവന്ന ചെടിയില്‍നിന്നുള്ള വിത്ത് ശേഖരിക്കരുത്
*പ്രതിരോധശേഷിയുള്ള വെണ്ടയിനങ്ങള്‍ നടുക
*വെണ്ട, ഒരേ സ്ഥലത്തുതന്നെ സ്ഥിരമായി നടാതെ വിളകള്‍ മാറ്റിമാറ്റി നടണം
*രോഗം പരത്തുന്നത് വെള്ളീച്ചകളാണ്. ഇവയെ നശിപ്പിക്കാന്‍ 'മഞ്ഞക്കെണി' ഉപയോഗിക്കുക
*വേപ്പെണ്ണ-സോപ്പുലായിനി (5 ശതമാനം), അല്ലെങ്കില്‍ 2 ശതമാനം വേപ്പെണ്ണ-വെളുത്തുണ്ണി മിശ്രിതം തളിക്കുക

എം.എ. സുധീര്‍ ബാബു പട്ടാമ്പി


Stories in this Section