
വേനല്‍മഴയ്ക്കുശേഷം റബ്ബര്‍ത്തോട്ട മേഖലകളിലെ വീടുകളില്‍ വന്‍ ശല്യമായിമാറുന്ന വണ്ടുകളാണ് മുപ്ലിവണ്ട്. വേനല്‍മഴ പെയ്യാതിരിക്കുകയും കാലവര്‍ഷം താമസിക്കുകയും ചെയ്യുന്ന വര്‍ഷങ്ങളില്‍ ഇവയുടെ ശല്യം കൂടുതലായിരിക്കും.
ഓലപ്പുരകളിലെ മേഞ്ഞ ഓലകള്‍ക്കിടയിലും ഓടുപാകിയ കെട്ടിടങ്ങളുടെ കഴുക്കോലുകള്ക്കിടയിലും തട്ടിന്പുറങ്ങളിലുമുള്ള സ്ഥിരസാന്നിധ്യംകൊണ്ട് വടക്കന്‍ കേരളത്തില്‍ ഇവ ഓലപ്രാണി, ഓടുവണ്ട്, ഓലച്ചാത്തന്‍, ഓട്ടെരുമ എന്നിങ്ങനെ അറിയപ്പെടുന്നു. 1970-കളില്‍ മധ്യകേരളത്തിലെ മൂപ്ല്യം എന്ന പ്രദേശത്ത് ആദ്യമായി കാണപ്പെട്ടതിനാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ ഇവ മുപ്ലിവണ്ട് എന്നും അറിയപ്പെടുന്നു.
വരണ്ട ചുറ്റുപാടുകളില്‍ വളരാന്‍ ശീലിച്ച ഈ വണ്ടുകള്‍ റബ്ബര്‍ത്തോട്ടങ്ങളിലെ കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ക്കിടയില്‍ വളരുകയും പ്രത്യുത്പാദനം നടത്തുകയും മഴക്കാലം തുടങ്ങുന്നതോടെ സമീപപ്രദേശത്തെ വീടുകളിലും പാറക്കെട്ടുകള്‍ക്കിടയിലും അഭയം പ്രാപിക്കുകയും ചെയ്യുന്നു.
വേനലിന് മുന്നോടിയായി റബ്ബര്‍മരങ്ങള്‍ ഇലപൊഴിക്കാന്‍ തുടങ്ങുന്ന സമയത്ത് ഉറക്കമുണരുന്ന വണ്ടുകള്‍ വേനല്‍ക്കാലം തുടങ്ങുന്നതോടെ റബ്ബര്‍ത്തോട്ടത്തിലെ പുതിയ കരിയിലപ്പടര്പ്പിലേക്ക് മടങ്ങുകയും റബ്ബറിലകള്‍ കഴിച്ച് പ്രത്യുത്പാദനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
തെക്കന്‍ കേരളത്തില്‍ വേനല്‍മഴ തുടങ്ങിയതിനുശേഷവും വടക്കന്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ വരവോടുകൂടിയും ആരംഭിക്കുന്ന വീടുകളിലേക്കുള്ള ലക്ഷക്കണക്കിന് വണ്ടുകളുടെ ഇരച്ചുകയറ്റവും വീടുകള്‍ക്കുള്ളില്‍ രാത്രികാലങ്ങളിലുള്ള സഞ്ചാരവും ഈ വീടുകളില്‍ മനുഷ്യജീവിതം മഹാദുരിതമാക്കുന്നു. ഈ വണ്ടുകള്‍ കുത്തുകയോ കടിക്കുകയോ ചെയ്യില്ലെങ്കിലും അവയെ ശല്യംചെയ്യുമ്പോള്‍ സ്വരക്ഷയ്ക്കായി ഉത്പാദിപ്പിക്കുന്ന സ്രവം ശരീരത്തില്‍ പൊള്ളലേല്പിക്കുന്നു.
രണ്ടുമൂന്ന് ആഴ്ചകള്‍ക്കുശേഷം വീടുകളുടെ മച്ചിലും ഓലപ്പുരകളിലെ ഓലയ്ക്കിടയിലും കച്ചിക്കൂനകളിലും വിറകുപുരകളിലും കൂട്ടമായി പ്രവേശിച്ച് ഒട്ടിച്ചേര്‍ന്ന് മൂന്നുനാലു മടക്കുകളിലായി ഏഴെട്ട് മാസം നീണ്ടുനില്‍ക്കുന്ന ഉറക്കത്തിലേക്ക് കടക്കുന്ന ഈ വണ്ടുകള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തിന്റെ ഗന്ധം ഒരുതരം നേത്രരോഗത്തിനും ശ്വാസംമുട്ടലിനും ഇടയാക്കും. പലതരം മരങ്ങളുടെ ഇലകള്‍ കഴിക്കുമെങ്കിലും റബ്ബര്‍ ഇലകളാണ് മുപ്ലിവണ്ടുകള്ക്ക് പഥ്യം. സാധാരണയായി വാടിയ തളിരിലകള്‍ ഇഷ്ടപ്പെടുന്ന ഈ വണ്ടുകള്‍ വാടാത്ത പച്ച ഇലകളോ മരത്തില്‍നിന്ന് അടര്‍ന്നുവീഴാത്ത ഇലകളോ കഴിക്കാത്തതിനാല്‍ മരത്തിനും പ്രത്യേകിച്ച് റബ്ബറിന് നാശമുണ്ടാക്കുന്ന കീടമല്ല.