ഉള്ളിത്തൈകള്‍ അഴുകുന്നു; പ്രതിവിധി എന്ത്?
Posted on: 21 Apr 2013
ഹൈറേഞ്ച് പ്രദേശത്ത് എനിക്ക് ഉള്ളികൃഷിയുണ്ട്. ഈയിടെയായി ചില ഉള്ളിത്തൈകള്‍ അഴുകി നശിക്കുന്നു. മണ്‍നിരപ്പിന് തൊട്ടുമുകളില്‍വെച്ചും ചിലത് അഴുകുന്നുണ്ട്. ഇതിന് കാരണമെന്ത്? പ്രതിവിധിയുണ്ടോ?
-ജോയ് വര്‍ഗീസ്, കാന്തല്ലൂര്‍
മണ്ണില്‍ക്കാണുന്ന ഒന്നിലധികം കുമിളുകളാണ് ഉള്ളിത്തൈകള്‍ അഴുകാന്‍ കാരണം. മണ്ണിനടിയില്‍വെച്ചുതന്നെ അഴുകല്‍ സംഭവിക്കുന്നതിനാല്‍ പലപ്പോഴും ഇത് ശ്രദ്ധയില്‍പ്പെടാറില്ല. പ്രതിവിധികള്‍ നോക്കാം. ഉള്ളിക്കുടം നടുന്ന തടങ്ങള്‍ മണ്‍നിരപ്പില്‍നിന്ന് 15 സെ.മീ. ഉയര്‍ത്തിക്കോരുക; തടങ്ങള്‍ 150-200 ഗേജ് കനമുള്ള സുതാര്യ പോളിത്തീന്‍ ഷീറ്റ് മൂടി 25-30 ദിവസം മെയ്-ജൂണില്‍ സൂര്യപ്രകാശം ഏല്പിച്ച് ചൂടാക്കുക. ഹെക്ടറിന് ഒരു ടണ്‍ തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. ട്രൈക്കോഡെര്‍മ, വിറിഡേ തുടങ്ങിയ സൗഹൃദ കുമിള്‍നാശിനി ഹെക്ടറിന് അഞ്ചുകിലോ എന്നയളവില്‍ ചേര്‍ക്കുക. തൈറം/കാപ്റ്റാന്‍ എന്നീ കുമിള്‍നാശിനികളിലൊന്ന് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക.
വിത്തുള്ളി വരിപിടിച്ച് പാകുമ്പോള്‍ തമ്മില്‍ 10-15 സെ.മീ. ഇടയകലം നല്‍കുക. നഴ്‌സറി നനയില്‍ മിതത്വം പാലിക്കുക. കോപ്പര്‍ ഒക്‌സിക്ലോറൈഡ് 0.3 ശതമാനം അല്ലെങ്കില്‍ കാപ്റ്റാന്‍ 0.25 ശതമാനം ഉപയോഗിച്ച് നഴ്‌സറിത്തടങ്ങള്‍ കുതിര്‍ക്കുക.
എന്താണ് പെപ്പറിങ്? ഇത് എന്തെങ്കിലും പുതിയതരം കൃഷിരീതിയാണോ?
-ശ്രീകാന്ത്കൃഷ്ണന്‍, കൊണ്ടോട്ടി
പ്രപഞ്ചശക്തികൃഷി എന്നറിയപ്പെടുന്ന ബയോ ഡൈനാമിക് രീതിയാണ് 'പെപ്പറിങ്'. കീടങ്ങള്‍, കളകള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാണ്. മണ്ണിലെ മൂലകങ്ങളുടെ കുറവും കൃഷിയിലെ ന്യൂനതകളും അശാസ്ത്രീയതകളും ഒക്കെ കൊണ്ടാണ് പലപ്പോഴും കൃഷിയിടത്തില്‍ ശത്രുകീടങ്ങളുടെ എണ്ണം പെരുകുന്നത്. പ്രകൃതിയിലെ മിത്രപ്രാണികള്‍ നശിക്കുന്നതോടെ ശത്രുപ്രാണികള്‍ കണക്കറ്റ് വര്‍ധിക്കുകയും അത് ഇവതമ്മിലുള്ള അനുപാതംതന്നെ തകിടംമറിക്കുകയും ചെയ്യുന്നു. അതിനാല്‍ ചിലപ്പോള്‍ ക്രമേണ മിത്രപ്രാണികള്‍കൂടി ശത്രുപ്രാണികളാകാനുള്ള സാഹചര്യം ഉണ്ടാകുന്നു. ഈ സാഹചര്യം മനസ്സിലാക്കി അത് തിരുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്ന സങ്കേതമാണ് 'പെപ്പറിങ്'.