റംബുട്ടാന്‍ കിങ് വരവായ്‌

Posted on: 15 Sep 2012


മലേഷ്യയില്‍നിന്ന് വിരുന്നെത്തി കേരളത്തിന്റെ തനതുസസ്യമായിക്കഴിഞ്ഞ 'റംബുട്ടാന്‍', മുള്ളന്‍പഴം എന്നപേരിലും അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെങ്ങും നന്നായി വളര്‍ന്ന് സമൃദ്ധമായി പഴങ്ങളുണ്ടാകുന്ന പ്രകൃതം 'നെഫേലിയം ലെപ്പേസിയം' എന്ന ശാസ്ത്രനാമമുള്ള റംബുട്ടാന്റെ പഴങ്ങള്‍ക്കുള്ളിലെ മാധുര്യവും പോഷകസമൃദ്ധവുമായ പള്‍പ്പ് ജനപ്രിയമായ ഭക്ഷ്യവസ്തുവാണ്. മെയ്-ജൂലായ് മാസങ്ങളില്‍ കേരളത്തില്‍ വില്പനയ്ക്ക് എത്തുന്ന റംബുട്ടാന്‍ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

റംബുട്ടാന്‍ കൃഷിക്കാര്‍ക്ക് പ്രിയങ്കരമായ 'റംബുട്ടാന്‍ കിങ്' എന്ന ഇന്‍ഡൊനീഷ്യന്‍ ഇനം നാട്ടില്‍ പ്രചാരത്തിലായിവരുന്നു. ഒരു പഴം 50 ഗ്രാമോളവും കടുംചുവപ്പ് നിറത്തിലും ലഭിക്കുന്ന ഈയിനത്തിന്റെ പള്‍പ്പ് വിത്തില്‍നിന്ന് മുഴുവന്‍ ഇളകിപ്പോരുന്നു. വലിയ പള്‍പ്പുള്ള ഇവയ്ക്ക് മാധുര്യവുമേറും. ഇരുപതോളം കായ്കള്‍ ഒരുകിലോ തൂക്കം കിട്ടുന്നതിനാല്‍ 'റംബുട്ടാന്‍ കിങ്' വാണിജ്യത്തോട്ടകൃഷികള്‍ക്കും യോജിച്ചതാണ്. കീടനാശിനികള്‍ ഉപയോഗിക്കാതെ ഉണ്ടാകുന്ന ജൈവഫലം എന്ന പ്രത്യേകതയും റംബുട്ടാനുണ്ട്. റംബുട്ടാന്‍ കിങ് കൃഷിചെയ്യാന്‍ ബഡ്‌തൈകള്‍ ഉപയോഗിക്കാം. മികച്ച ഉത്പാദനം ലഭിക്കുന്ന മാതൃവൃക്ഷങ്ങളില്‍നിന്നെടുക്കുന്ന മുകുളത്തോടുകൂടിയ തൊലി കുടകളില്‍ വളര്‍ത്തുന്ന നാടന്‍തൈകളില്‍ ഒട്ടിച്ചെടുത്താണ് റംബുട്ടാന്‍ കിങ്ങിന്റെ ബഡ് തൈകള്‍ തയ്യാറാക്കുന്നത്.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയും നേരിയ വളക്കൂറുമുള്ള മണ്ണില്‍ റംബുട്ടാന്‍ നന്നായി വളരും. തൊടിയില്‍ ഒന്നോ രണ്ടോ തൈകള്‍ നടുമ്പോള്‍ ഭാഗികമായ തണലുള്ള സ്ഥലവും പ്രയോജനപ്പെടുത്താം. തോട്ടമായി വളര്‍ത്തുമ്പോള്‍ തൈകള്‍ തമ്മില്‍ പത്തുമീറ്ററോളം അകലം കൊടുക്കുന്നത് നന്നായിരിക്കും. വളര്‍ന്നുവരുന്ന റംബുട്ടാന്‍ സസ്യങ്ങളുടെ മുകള്‍തലപ്പ് മുറിച്ച് ധാരാളം ശാഖകള്‍ പടര്‍ന്നുവളരാന്‍ മതിയായ അകലം ആവശ്യമാണ്. അരമീറ്റര്‍ നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് ജൈവവളങ്ങളും മേല്‍മണ്ണും ചേര്‍ത്ത് തടംമൂടി മുകളില്‍ ചെറുകുഴിയെടുത്ത് ബഡ് തൈകള്‍ നടാം. കാറ്റില്‍ തൈകള്‍ ഒടിയാതിരിക്കാന്‍ കമ്പുകെട്ടിക്കൊടുക്കണം. ബഡ് മുകുളമല്ലാതെ വളരുന്ന മറ്റ് തലപ്പുകള്‍ മുറിച്ചുകളയുകയും വേനല്‍ക്കാലത്ത് ജലസേചനം നല്‍കുകയും വേണം. റംബുട്ടാന്‍ ചെടികള്‍ക്ക് രണ്ടുവര്‍ഷംവരെ ശരിയായ പരിചരണം നല്‍കണം. വളര്‍ച്ച ത്വരപ്പെടുന്നതോടെ ശാഖകള്‍ ശരിയായി വളര്‍ത്താന്‍ മുകളിലെ നാമ്പ് നുള്ളിക്കളയണം. ശാഖകളുടെ അഗ്രഭാഗവും നീക്കംചെയ്താല്‍ വൃക്ഷത്തിന് നന്നായി പടര്‍ന്ന പ്രകൃതം ലഭിക്കും.

റംബുട്ടാന്‍ കിങ് മൂന്നാംവര്‍ഷം മുതല്‍ പൂത്തുതുടങ്ങും. ഡിസംബര്‍, ജനവരി മാസങ്ങളിലാണ് പൂക്കാലം. കായ്കള്‍ ഉണ്ടായി വിളഞ്ഞ് ചുവപ്പുനിറം പ്രാപിക്കുന്നതോടെ ജീവികള്‍ പഴങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ മരങ്ങള്‍ വലയിട്ട് സംരക്ഷിക്കുന്നതും നല്ലതാണ്. റംബുട്ടാന്‍ പഴങ്ങളില്‍നിന്ന് വിത്ത് നീക്കംചെയ്ത് ടിന്നിലടച്ച ഉത്പന്നം വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലായിവരുന്നു. അതിനാല്‍ മഴക്കാലത്ത് പാകമാകുന്ന റംബുട്ടാന്റെ രുചി ഇനി വേനലിലും നാവില്‍ നുകരാം.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ തന്നെ മിക്കമണ്ണിലും അതിജീവിച്ചുവളരുന്ന റംബുട്ടാന് തോട്ടമടിസ്ഥാനത്തില്‍ വളര്‍ത്താന്‍ നല്ല സാധ്യതകളാണുള്ളത്.റംബുട്ടാന്‍പഴങ്ങളുടെ രാജാവായ പുതിയ കിങ്ങിനത്തിന്റെ പഴങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് നല്ല കയറ്റുമതിസാധ്യതയുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9495234232.

-രാജേഷ് കാരാപ്പള്ളില്‍

rajeshkarapalli@yahoo.com


Stories in this Section