വേനല്‍ക്കാല വിളകള്‍ക്ക് മീലിമുട്ട ഭീഷണി

Posted on: 07 Apr 2012

ഹുസൈന്‍ പി.പി. (കേരള കാര്‍ഷിക സര്‍വകലാശാല)




വേനല്‍ തുടങ്ങിയതോടെ കേരളത്തില്‍ പപ്പായ മീലിമുട്ടകളുടെ ആക്രമണം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി വേനല്‍ക്കാല വിളകളില്‍ വ്യപാകമായി നാശം വിതയ്ക്കുന്ന പപ്പായ മീലിമുട്ട. ഇവ മഴക്കാലത്തിന്റെ തുടക്കത്തോടെ അപ്രത്യക്ഷമായിരുന്നു. ആദ്യകാലങ്ങളില്‍ പപ്പായയെ മാത്രം ആക്രമിച്ചുതുടങ്ങിയ ഈ കീടം പിന്നീട് തക്കാളി, വഴുതന, വെണ്ട, മരച്ചീനി, മാവ്, പേര, മള്‍ബറി, കാട്ടുകളകള്‍ (കമ്മ്യൂണിസ്റ്റ് പച്ച, പാര്‍ത്തനിയം) തുടങ്ങിയ 60ഓളം വിളകളെ ഇവയുടെ ആക്രമണത്തിന് വിധേയമാക്കി.

ഇലകളുടെ അടിഭാഗത്തും തണ്ടുകളിലും പൂക്കളിലും കായ്കളിലും കൂട്ടംകൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്ന ഈ കീടങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തിയ കീടങ്ങളുടെ പഞ്ഞിക്കെട്ട് ആവരണമാണ് ഇവയുടെ മാര്‍ഗങ്ങള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം. ഇതിന്റെ ആണ്‍കീടങ്ങള്‍ പറക്കാന്‍ കഴിവുള്ളവയാണ്. എന്നാല്‍ കൂടുതല്‍ വിനാശകാരിയായി ആക്രമിക്കുന്ന പെണ്‍കീടങ്ങള്‍ക്ക് അതിനുള്ള കഴിവില്ല. പെണ്‍മീലിമുട്ടയ്ക്ക് 200 മുതല്‍ 600 വരെ മുട്ടകള്‍ ഇടാനുള്ള കഴിവുണ്ട്. ചൂട് കൂടുന്നതോടെ പെരുകാന്‍ തുടങ്ങുന്ന ഇവയുടെ ജീവിതചക്രം ഏകദേശം ഒരു മാസമാണ്. ഇവയുടെ ആക്രമണഫലമായി പൂക്കളും കായ്കളും കൊഴിയുന്നു.തുടര്‍ന്ന് ഇലകള്‍ മഞ്ഞളിക്കുകയും ചുരുങ്ങുകയും മുരടിക്കുകയും വിള ഉണങ്ങിപ്പോവുകയും ചെയ്യുന്നു. മാത്രമല്ല മീലിമുട്ടകള്‍ക്ക് അവയുടെ ശരീരത്തില്‍നിന്നും തേന്‍ കണങ്ങള്‍ പുറപ്പെടുവിക്കാനുള്ള കഴിവുള്ളതുകൊണ്ട് ഉറുമ്പിന്റെ സാന്നിധ്യം വ്യാപകമായി കാണപ്പെടുന്നു. ചിലപ്പോള്‍ ഈ തേന്‍കണങ്ങള്‍ കറുത്ത പാടുകളായി സസ്യഭാഗങ്ങളില്‍ അവശേഷിക്കുകയും തുടര്‍ന്ന് കുമിള്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.

സംയോജിത കീടനിയന്ത്രണ മാര്‍ഗങ്ങളിലൂടെ ഇവയെ പൂര്‍ണമായും നിയന്ത്രിക്കാവുന്നതാണ്.
നടീല്‍ വസ്തുക്കളും കാര്‍ഷിക ഉപകരണങ്ങളും വഴിയാണ് പ്രധാനമായി മീലിമുട്ട വ്യാപിക്കുന്നത്. അതിനാല്‍ ഇവ കൃഷിയിടത്തിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് വൃത്തിയാക്കി കീടബാധയില്ല എന്ന് ഇറപ്പുവരുത്തുക.

വേനല്‍ക്കാലത്ത് കൃഷിയിടത്തില്‍ മീലിമുട്ടകളുടെ സാന്നിധ്യം ഉണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കുക. ഇവയുടെ സാന്നിധ്യം കണ്ടാല്‍, ബാധിച്ചു നശിപ്പിക്കപ്പെട്ട കളകളും ശിഖിരങ്ങളും പൂര്‍ണമായും കീടം ബാധിച്ച വിളകളും തീയിട്ട് നശിപ്പിക്കുക.

ഹോസ് ഉപയോഗിച്ച് നനച്ചുകൊടുക്കാന്‍ കഴിയുന്ന സ്ഥലമാണെങ്കില്‍ കീടം കാണപ്പെടുന്ന ഭാഗങ്ങളില്‍ ശക്തിയായി വെള്ളം ചീറ്റി നനച്ചുകൊടുക്കുന്നത് ലളിതമായൊരു നിയന്ത്രണമാര്‍ഗമാണ്. (ഈ വെള്ളത്തില്‍ സോപ്പ് ചേര്‍ക്കുന്നത് വളരെ നല്ലതാണ്).

വേപ്പെണ്ണ-മണ്ണെണ്ണ മിശ്രിതമുണ്ടാക്കി തളിച്ചുകൊടുക്കുന്നതും അനുവര്‍ത്തിക്കാവുന്നതാണ്. ഇതിനായി 3 മില്ലി മണ്ണെണ്ണ, 5 മില്ലി വേപ്പെണ്ണ, 5 ഗ്രാം ബാര്‍സോപ്പ് ഇവ ഒരു ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ച് 34 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കുക. ഈ മിശ്രിതം തളിരിലകളില്‍ തളിക്കരുത്.

മിത്ര കുമിള്‍ ആയ വെര്‍ട്ടിസീലിയത്തിന്റെ പ്രയോഗവും ഫലപ്രദമാണ് (ഇവ കിലോഗ്രാമിന് 70 രൂപ നിരക്കല്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ലഭ്യമാണ്. ഫോണ്‍: 04872370773. 1015 ഗ്രാം പൊടിരൂപത്തിലുള്ള രൂപികയോ 5 മില്ലി ദ്രാവക രൂപികയോ ഒരു ലിറ്റര്‍ ജലത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുക.

നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അസിറോഫാഗസ് പപ്പായെ എന്ന പരാദകീടത്തെ കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കര്‍ഷകരുടെ മിത്രകീടങ്ങളായ ഈ പരാദകീടങ്ങള്‍ പപ്പായ മീലിമുട്ടകളുടെ കുഞ്ഞുങ്ങളില്‍ മുട്ടയിട്ട് അറയ്ക്കുള്ളില്‍ വളര്‍ന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ കീടമായി പുറത്തുവരുന്നു. അതോടെ മീലിമുട്ട കുഞ്ഞുങ്ങള്‍ ചത്തുപോകുന്നു. പുറത്ത് വരുന്ന പരാദങ്ങള്‍ വീണ്ടും മീലിമുട്ടകുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് മുട്ടകളിടുന്നു. ഇങ്ങനെ ഇവ പെറ്റുപെരുകി പപ്പായ മീലിമുട്ടകളുടെ നിയന്ത്രണം സാധ്യമാകുന്നു. ഈ പരാദങ്ങളെ വിളകളില്‍ വിട്ടാല്‍ രാസകീടനാശിനികള്‍ തളിക്കാന്‍ പാടുള്ളതല്ല. രാസകീടനാശിനികള്‍ തളിക്കാതെ കൃഷിയിടങ്ങളില്‍ മാത്രമേ ഈ പരാദകീടങ്ങള്‍ വളരുകയുള്ളൂ. എന്നാല്‍, ഒരിക്കല്‍ ഇവ നമ്മുടെ പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞാല്‍ സ്വാഭാവിക പ്രത്യുത്പാദനം നടത്തി പപ്പായ മീലമുട്ടകളുടെ പൂര്‍ണനിയന്ത്രണം സാധ്യമാകുന്നു.

മിത്രകീടങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയിലെ ജൈവിക കീട നിയന്ത്രണവിഭാഗത്തില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കിസാന്‍കോള്‍ സെന്റര്‍ 18001801551.


Stories in this Section