ചന്തുവിനെ തോല്‍പ്പിക്കാനാവില്ല; ഒരു കീടത്തിനും

Posted on: 23 Feb 2012



പുളിക്കല്‍(മലപ്പുറം): മുപ്പതു വര്‍ഷത്തെ കാര്‍ഷികാനുഭവങ്ങളാണ് ചന്തുവിന്റെ കരുത്ത്. ഒന്നോ രണ്ടോ ഇനങ്ങളല്ല, ഒരുപാടിനങ്ങള്‍ ഒരുമിച്ചാണ് കൃഷി .ഇതുവരെ ഒരു കീടവും ഇദ്ദേഹത്തിന്റെ കൃഷിയിടത്തെ വല്ലാതെ ആക്രമിച്ചിട്ടില്ല. അതിനുള്ള പൊടിക്കൈകളൊക്കെ അനുഭവം ചന്തുവിനെ പഠിപ്പിച്ചിട്ടുണ്ട്.

പുളിക്കല്‍ പഞ്ചായത്തില്‍ അരൂരിലെ പനയം മാക്കല്‍ വീട്ടില്‍ കോഴിപ്പള്ളി ചന്തു (68)വിന്റെ കൃഷി സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ രണ്ട് ഏക്കര്‍ സ്ഥലത്താണ്. രണ്ടായിരത്തില്‍പ്പരം വാഴകളും നെല്ലും പലതരം പച്ചക്കറികളുമെല്ലാം ഇവിടെയുണ്ട്. സ്വന്തം പരീക്ഷണങ്ങളിലൂടെ പുതിയ ഒരു കൃഷിരീതി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ചന്തുവേട്ടന്‍.

മുന്തിയ ഇനം നോക്കി വിവിധ പ്രായത്തിലുള്ളതും വ്യത്യസ്ത ഇനങ്ങളിലുള്ളതുമായ കൃഷിചെയ്യുക വഴി വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കരകയറാമെന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തി ഈ കര്‍ഷകന്‍ പറയുന്നു.

വാഴക്കന്നുകള്‍ ഏറിയപങ്കും രോഗവിമുക്തമാണെന്നുറപ്പാക്കിയശേഷമേ കുഴിച്ചിട്ടു പരിപാലിക്കൂ. അതിനാല്‍ കുറുനാമ്പ്, മൊസൈക്ക്, തണ്ടുതുരപ്പന്‍ തുടങ്ങിയവയൊന്നും ഈ തോട്ടത്തില്‍ ഇല്ലെന്നുതന്നെ പറയാം. വേറെയും ചില പൊടിക്കൈകളുണ്ട് കീടങ്ങളെ ഓടിക്കാന്‍. വേപ്പിന്‍കുരു പൊടിച്ച് ഇഞ്ചിനീരുമായി ചാലിച്ച് പച്ചക്കറികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തളിക്കാം. കമ്മ്യൂണിസ്റ്റ് പച്ചയും വേപ്പിലയും തടത്തില്‍ ഇട്ട് വെള്ളമൊഴിച്ചാല്‍ വേരിലെ വിരകള്‍ ഒഴിവാകും.

ചാഴിയെ അകറ്റാന്‍ വേപ്പെണ്ണയും വെളുത്തുള്ളിയും സമം കലര്‍ത്തി അരച്ചാല്‍മതി. ജൈവകൃഷിരീതികളും നൂതന കൃഷിരീതികളും ഇടകലര്‍ത്തിയാണ് പ്രയോഗം.

വാഴക്കന്നുകള്‍ ചാണകവും മരുന്നും മുക്കി ഉണക്കി നടാനായി ഒരുക്കുന്നു. അടിവളമായി കോഴിവളവും, കാലിവളവും വേപ്പിന്‍ പിണ്ണാക്കും പച്ചിലവളവും. രാസവളം വാഴയൊന്നിന് നാലു തവണയായി കുലവെട്ടുന്നതുവരെ നല്‍കും.
കൈപ്പ, പടവലം, പയര്‍, ചുരങ്ങ എന്നിവ ഒരേസമയം ഒരേ പന്തലില്‍ കൃത്യമായി പാലിച്ച് വളര്‍ത്തുന്നത് വേറിട്ടൊരു കാഴ്ചയാണ്. പച്ചക്കറി വിത്ത് നടുമ്പോള്‍ കുഴികളില്‍ വിത്തിനോടൊപ്പം ഒരുപിടി മണലും ഇടും. ഈ പൊടിക്കൈകൊണ്ട് മുഴുവന്‍ വിത്തും ഒരേസമയം മുളപൊട്ടും. ശക്തിയുള്ള വേരുകള്‍ തൈകള്‍ക്കുണ്ടാകുകയും ചെയ്യും.

വെള്ളരിവര്‍ഗ കൃഷിക്കശേഷമാണ് പയര്‍കൃഷി ചെയ്യുന്നതെങ്കില്‍ പയറിനു തീരെ വളപ്രയോഗം ആവശ്യമില്ലെന്നതാണ് ഇദ്ദേഹത്തിന്റെ ന്യായം. വെള്ളരി വര്‍ഗ കൃഷികള്‍ക്ക് കൂടുതല്‍ വളം ആവശ്യമാണെന്നും പയറുവിളയ്ക്ക് കൂടുതല്‍ വളം നല്‍കിയാന്‍ അത് പൂക്കുന്നതും കായ്ക്കുന്നതും കുറയുമെന്നും അദ്ദേഹം പറയുന്നു.

പുലര്‍ച്ചെ ഒരു കൈയില്‍ ടോര്‍ച്ചും മറുകൈയില്‍ തൂക്കുപാത്രവുമായുള്ള ഈ യാത്രയ്ക്ക് മുപ്പത് വയസ്സ് പ്രായം. ദിവസേന അതിരാവിലെ വിളവെടുത്ത് വില്‍പ്പനയ്ക്കായി കടകളില്‍ എത്തിക്കും. പുളിക്കല്‍, രാമനാട്ടുകര, ഐക്കരപ്പടി എന്നിവിടങ്ങളിലെ കടക്കാര്‍ക്കാണ് വില്‍പ്പന. ഗുണനിലവാരം ഉറപ്പുവരുത്തുന്നതുകൊണ്ട് വിപണനം ഈ കര്‍ഷകന് പ്രശ്‌നമല്ല. ഭാര്യ ദേവകിയാണ് കൃഷിയിടത്തില്‍ ചന്തുവേട്ടന് കൂട്ട്. നാലുമക്കളുണ്ട്.

വിനയന്‍ വെണ്ണായൂര്‍


Stories in this Section