നെല്‍കൃഷിയിലെ സംയോജിത കീടനിയന്ത്രണം

Posted on: 07 Jan 2012

രവീന്ദ്രന്‍ തൊടീക്കളം



നെല്ലുത്പാദനത്തില്‍ 25 ശതമാനത്തിലേറെ നഷ്ടം ഉണ്ടാക്കുന്നത് കീടങ്ങളാണ്. നൂറോളം കീടങ്ങള്‍ കാലാവസ്ഥയ്ക്കനുസരിച്ച് വിളയുടെ വിവിധഘട്ടങ്ങളില്‍ നെല്‍കൃഷിക്ക് ദോഷം ചെയ്യുന്നു. ഇതില്‍ പത്തോളം കീടങ്ങളുടെ ആക്രമണമാണ് നെല്‍കൃഷിയില്‍ കാര്യമാത്രപ്രസക്തമായ നഷ്ടമുണ്ടാക്കുന്നത്. സംയോജിത കീടനിയന്ത്രണം മാത്രമാണ് ഇതിനൊരു പ്രതിവിധി.

മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും അപകടപ്പെടുത്തുന്ന കീടനിയന്ത്രണമാണ് സംയോജിത കീടനിയന്ത്രണം. വിത്ത് മുതല്‍ കൊയ്ത്ത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ശ്രദ്ധചെലുത്തി പ്രകൃതിയിലെ മിത്രകീടങ്ങള്‍ക്ക് സംരക്ഷണം നല്‍കി ആവശ്യമെങ്കില്‍ മാത്രം രാസകീടനാശിനികള്‍ ഉപയോഗിക്കുന്ന രീതിയാണിത്.

കൃഷിവകുപ്പ് നിര്‍ദേശാനുസരണമോ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലോ മാത്രം വളപ്രയോഗം നടത്താന്‍ ശ്രദ്ധിക്കുക. വളങ്ങള്‍ കൂടുതല്‍ നല്‍കുക വഴി കീടാക്രമണം കൂടാന്‍ സാധ്യതയുണ്ട്. ആവശ്യാനുസൃതമായ നൈട്രജനും പൊട്ടാഷും ചേര്‍ക്കുക വഴി ഓലചുരുട്ടി, മുഞ്ഞ എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കും. നിശ്ചിത അകലത്തില്‍ നടീല്‍ കഴിഞ്ഞ് മൂന്നു മീറ്റര്‍ കഴിയുമ്പോള്‍ ഒരടി ആഴത്തിലും വീതിയിലുമുള്ള ഇടച്ചാലുകള്‍ നല്‍കണം. കൂടുതല്‍ സൂര്യപ്രകാശവും വായുസഞ്ചാരവും നെല്‍ച്ചെടിക്ക് നല്‍കാന്‍ ഇത് ഉപകരിക്കും. ഒപ്പം കീടാക്രമണം കുറയ്ക്കുകയും ചെയ്യാം. വിളപരിക്രമണം വഴി കീടാക്രമണം കുറയ്ക്കാം. തുടര്‍ച്ചയായി ഒരേ വിള തന്നെ ഒരു കൃഷിയിടത്തില്‍ ചെയ്യുന്ന രീതി ഉപേക്ഷിക്കുക. മൂന്നു വിള നെല്‍പ്പാടങ്ങളില്‍ രണ്ടാം വിളയ്ക്കുശേഷം പച്ചക്കറിയോ, മറ്റു പറയര്‍ വര്‍ഗങ്ങളോ കൃഷി ചെയ്യുക. കളകളെ പൂര്‍ണമായും നശിപ്പിക്കുക, കൊയ്തിനുശേഷമുള്ള വിളയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും കത്തിച്ചുകളയുക.

ഇലപ്പേന്‍, പുഞ്ചുപ്പുഴു എന്നിവയുടെ ആക്രമണം വെള്ളംകെട്ടിനിര്‍ത്തിയും മുഞ്ഞ, കുഴല്‍പ്പുഴു എന്നിവയുടെ ആക്രമണം ജലനിര്‍ഗമനം വഴിയും കുറയ്ക്കാന്‍ കഴിയും. കൃഷിയിടത്തിലെ ജലവിതാനം 5-10 സെ.മീറ്ററില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കളനിയന്ത്രണത്തിന് സഹായിക്കും. പച്ചത്തുള്ളന്‍, ഓലചുരുട്ടി, ഗാളീച്ച, മുഞ്ഞ എന്നിവയുടെ പൂര്‍ണ കീടങ്ങളെ നശിപ്പിക്കാം. അഞ്ച് ഏക്കര്‍ നെല്‍പ്പാടത്തിന് ഒരു വിളക്ക് കെണി മതിയാകും. തണ്ടുതുരപ്പന്‍, ഓലചുരുട്ടി, കുഴല്‍പ്പുഴു, ചാഴി എന്നിവയെ കൈവല ഉപയോഗിച്ചും നശിപ്പിക്കാം. ഓലചുരുട്ടിക്കെതിരെ മുള്ളുപയോഗിച്ചു നെല്ലിലകള്‍ നിവര്‍ത്തി കീടനാശിനികള്‍ തളിക്കണം. മണ്ണെണ്ണയിലോ, കരി ഓയിലിലോ മുക്കിയ കയര്‍ നെല്‍ചെടിയിലൂടെ വലിച്ചാല്‍ കുഴല്‍പ്പുഴു വെള്ളത്തില്‍ വീഴും. വെള്ളം വാര്‍ത്ത് കളയുക വഴി ഇതിനനെ നശിപ്പിക്കാം.

ജൈവക കീടനിയന്ത്രണമാര്‍ഗങ്ങള്‍ വഴിയും കീടങ്ങളെ നിയന്ത്രിക്കാം. മിത്രകീടങ്ങളെ വളര്‍ത്തി ശത്രുകീടങ്ങളെ നശിപ്പിക്കുകയെന്നതാണ് രീതി. ട്രൈക്കോഗ്രമ മുട്ടകാര്‍ഡുകള്‍ നെല്‍വയലില്‍ വെക്കുകയെന്നതാണ് പ്രധാന രീതി.

ഒരേക്കറിലേക്ക് രണ്ട് സി.സി. എന്ന ക്രമത്തില്‍ ആറു പ്രാവശ്യം മുട്ടക്കാര്‍ഡുകള്‍ വെക്കണം. തണ്ടുതുരപ്പന് വെള്ള കാര്‍ഡും ഓലചുരുട്ടിക്ക് നീല കാര്‍ഡുമാണ് വെക്കേണ്ടത്. ബാക്ടീരിയല്‍ കീടനാശിനികള്‍ ഉപയോഗിച്ചും ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.വയല്‍വരമ്പില്‍ പയര്‍ ചെടി വളര്‍ത്തുക വഴി ആമവണ്ടുകള്‍ കൂടുതല്‍ ഉണ്ടാവും. ആമവണ്ടുകള്‍ മുഞ്ഞയെ നശിപ്പിക്കും.


Stories in this Section