'മറുനാടന്‍ സുന്ദരി ലെമണ്‍ വൈന്‍'

Posted on: 26 Nov 2011

രാജേഷ് കാരാപ്പള്ളില്‍നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന 'ലെമണ്‍ വൈന്‍' കേരളത്തിലും വേരോടിത്തുടങ്ങി. വെസ്റ്റിന്‍ഡീസ് സ്വദേശിയായ ഈ ചെടി മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കള്‍ക്ക് ഇളംമഞ്ഞ നിറവും നേര്‍ത്ത സുഗന്ധവുമുണ്ടാകും. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കള്‍ക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം.

ദീര്‍ഘനാളേക്ക് കൊഴിയാതെ വള്ളികളില്‍ നില്‍ക്കുന്ന കായ്കളില്‍ ചെറിയ ഇലകള്‍ കാണുന്നുവെന്ന അപൂര്‍വതയുമുണ്ട്. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളര്‍ത്തുന്നത്. വലിയ ചെടിച്ചട്ടികളിലും ഒതുങ്ങി വളരുന്ന ലെമണ്‍ വൈനിന്റെ വള്ളികളില്‍ ജലാംശം ശേഖരിച്ചു വെക്കുന്നതിനാല്‍ വരള്‍ച്ചയെ സ്വാഭാവികമായി അതിജീവിക്കും. 'പെരിസ്‌ക്യ അക്യുലേറ്റ' എന്ന ശാസ്ത്രനാമമുള്ള ഇവയുടെ മൂപ്പെത്തിയ വള്ളികള്‍ ചാണകപ്പൊടി, ചകിരിച്ചോര്‍, മണല്‍ എന്നിവ സമം ചേര്‍ത്തു നിറച്ച കൂടകളില്‍ നട്ടു വേരുപിടിപ്പിച്ച് വളര്‍ത്തിയ ശേഷം അനുയോജ്യമായ മണ്ണില്‍ മാറ്റി നടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള മണ്ണില്‍ ജൈവ വളങ്ങള്‍ ചേര്‍ത്ത് നട്ടു പടര്‍ന്നു വളരാന്‍ സൗകര്യമൊരുക്കിക്കൊടുക്കണം. സമൃദ്ധമായി വളര്‍ന്നു ഫലങ്ങളുണ്ടാകുന്ന ലെമണ്‍ വൈന്‍ ഉദ്യാന പ്രേമികളുടെ മനംനിറയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.


Stories in this Section