നെല്ലിലെ പുതിയയിനം 'പ്രത്യാശ'

Posted on: 25 Sep 2011

രവീന്ദ്രന്‍ തൊടീക്കളംമാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്നു പുറത്തിറക്കിയ ഏറ്റവും പുതിയ നെല്‍വിത്തിനമാണ് പ്രത്യാശ (എം.ഒ. 21). കുട്ടനാടന്‍ മേഖലയ്ക്ക് അനുയോജ്യമായ ഈ വിത്തിനത്തിന് 100 - 105 ദിവസത്തെ മൂപ്പുണ്ട്. ഒറ്റവിള മാത്രം കൃഷി ചെയ്യാന്‍ കഴിയുന്ന പാടങ്ങളില്‍ ഈ വിത്തിനമുപയോഗിച്ച് ഇരിപ്പൂ കൃഷി ചെയ്യാം. ഉത്പാദന ക്ഷമതയും മികച്ച പാചകഗുണവും ഒത്തിണങ്ങിയതാണിത്. ഹ്രസ്വകാല വിത്തിനങ്ങളുടെ ലഭ്യതക്കുറവില്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയാവുകയാണ് 'പ്രത്യാശ'.ഐ.ഇ.ടി. 4786, അരുണ (എം.ഒ. 8) എന്നീ നെല്ലിനങ്ങള്‍ വര്‍ഗസങ്കരണം നടത്തിയാണ് ഈ വിത്തിനം ഉത്പാദിപ്പിച്ചത്. നീണ്ട കതിരുകളും നീണ്ട് ദൃഢതയുള്ള നെന്മണികളും ചുവന്ന അരിയുമുള്ള ഈ വിത്തിനം ഹെക്ടറിന് 5 മുതല്‍ 5.5 ടണ്‍ വരെ വിളവ് തരുന്നു. ഉയര്‍ന്ന അരിവീഴ്ചയും ഏറിയ പാചകഗുണവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. നല്ല ഉതിര്‍ച്ചയുള്ള നെന്മണികള്‍ക്ക് രണ്ടാഴ്ചയോളം സുഷുപ്താവസ്ഥയുള്ളതിനാല്‍ കതിരില്‍ നിന്നും കിളിര്‍ക്കില്ലായെന്നതും പ്രത്യേകതയാണ്. ഒരു ഹെക്ടര്‍ വിതക്കുന്നതിന് 80 - 100 കിഗ്രാം വിത്തും പറിച്ചു നടീലിന് 60-70 കി.ഗ്രാം. വിത്തും ആവശ്യമാണ്. നന്നായി ഉണക്കിയെടുത്ത നെല്‍വിത്ത് വിതയ്ക്കുന്നതിന് മുന്‍പ് 1.5 കി.ഗ്രാം. ഉപ്പ് 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ മുക്കണം. വെള്ളത്തിന് മുകളില്‍ പൊങ്ങി വരുന്നവ നീക്കം ചെയ്ത് വിത്ത് ഊറ്റിയെടുത്തു ശുദ്ധജലത്തില്‍ കഴുകണം. അതിനുശേഷം ഒരു കി.ഗ്രാം. നെല്‍വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതില്‍ ചേര്‍ത്ത് നെല്‍വിത്തുമായി കലര്‍ത്തി 12-14 മണിക്കൂര്‍ സൂക്ഷിക്കണം.

പൊതുശുപാര്‍ശ അനുസരിച്ചാണെങ്കില്‍ 350 കി.ഗ്രാം. കുമ്മായം നിലമൊരുക്കുമ്പോഴും 250 കി.ഗ്രാം. വിത കഴിഞ്ഞ് 30 ദിവസത്തിനുശേഷവും മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം. കുമ്മായം ചേര്‍ത്ത് 48 മണിക്കൂര്‍ കഴിഞ്ഞ് വയലില്‍ വെള്ളം കയറ്റി കഴുകിക്കളയണം. അടിവളമായി ഹെക്ടറിന് 5 ടണ്‍ കമ്പോസ്റ്റോ, പച്ചിലവളമോ മറ്റു ജൈവവളങ്ങളോ ചേര്‍ത്ത് കൊടുക്കണം. പൊതുശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാസവളം ചേര്‍ക്കുമ്പോള്‍ അടിവളമായി യൂറിയ 100 കി.ഗ്രാം., രാജ്‌ഫോസ് 90 കി.ഗ്രാം., എം.ഒ.പി. 25 കി.ഗ്രാം. എന്ന തോതില്‍ ചേര്‍ക്കണം. കുമ്മായം ചേര്‍ത്ത് ഒരാഴ്ച കഴിഞ്ഞു മാത്രമേ രാസവളം മണ്ണില്‍ ചേര്‍ക്കാവൂ.

മേല്‍വളമായി ചിനപ്പു പൊട്ടുന്ന സമയത്ത് 50 കി.ഗ്രാം. യൂറിയ, 85 കി.ഗ്രാം. രാജ്‌ഫോസ്, 25 കി.ഗ്രാം. പൊട്ടാഷ് എന്നിവയും അടിക്കണ പരുവത്തില്‍ 50 കി.ഗ്രാം. യൂറിയ, 25 കി.ഗ്രാം. പൊട്ടാഷ് എന്നിവയും ചേര്‍ത്ത് കൊടുക്കണം. പാടത്തുനിന്നും വെള്ളം പൂര്‍ണമായും വാര്‍ത്തുകളഞ്ഞ ശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. വളമിട്ട് 48 മണിക്കൂറിന് ശേഷം വീണ്ടും വെള്ളം കയറ്റണം.


സസ്യസംരക്ഷണം


ഗാളീച്ച, മുഞ്ഞ, പോള ചീയ്യല്‍, പോള അവിച്ചല്‍, പുള്ളിക്കുത്ത് എന്നിവയ്‌ക്കെതിരെ ഒരു പരിധി വരെ പ്രതിരോധശേഷി ഈ നെല്‍വിത്തിനുണ്ട്. രോഗങ്ങളും കീടങ്ങളും കൂടുതലായി കാണുകയാണെങ്കില്‍ സംയോജിത രോഗകീട നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. തണ്ടുതുരപ്പനെതിരെ ട്രൈക്കോ ഗ്രാമ ജാപ്പോണിക്കത്തിന്റെയും ഓലചുരുട്ടിയ്‌ക്കെതിരെ ട്രൈക്കോ ഗ്രാമ കീലോണിസിന്റെയും മുട്ടക്കാര്‍ഡുകള്‍ ഒരേക്കറിന് രണ്ട് സി.സി. ക്രമത്തില്‍ വിതച്ച് 30 ദിവസത്തിന് ശേഷം തുടര്‍ച്ചയായി 6 ആഴ്ച വെക്കണം.

കതിരിടീല്‍ കഴിഞ്ഞ് 25-30 ദിവസത്തിനകം വിളവെടുപ്പിന് പാകമാകും. കൊയ്‌തെടുത്ത ദിവസം തന്നെ മെതിച്ചെടുക്കുന്നതു നെല്ലിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും.

Stories in this Section