നിത്യ ഫലശോഭയോടെ അക്കി

Posted on: 12 Sep 2011


ചെടി നിറയെ ചുവപ്പുവര്‍ണ ബള്‍ബുകള്‍ കോര്‍ത്തലങ്കരിച്ചതുപോലെ മനോഹരങ്ങളായ ഫലങ്ങളുണ്ടാകുന്ന നിത്യഹരിത സസ്യമാണ് 'അക്കി'. പത്തുമീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഇവയുടെ ചെറിയ ഇലകള്‍ സംയുക്തപത്രമായി കാണുന്നു. കശുമാങ്ങ പഴങ്ങളുടെ രൂപവും വലിപ്പവുമുള്ള കായ്കളാണ് ഇവയിലുണ്ടാവുക. ഇളംകായ്കള്‍ പച്ച, പാകമായവ മഞ്ഞ, പഴുത്തത് ചുവപ്പ് നിറങ്ങളിലായി വര്‍ഷത്തില്‍ എല്ലാകാലത്തും അക്കിയില്‍ ഫലങ്ങള്‍ കാണാം. അലങ്കാര സസ്യമായി വളര്‍ത്താവുന്ന ഇവയുടെ കായ്കള്‍ മാംസളമായ പുറംതൊലി, അകത്ത് തലച്ചോര്‍ ആകൃതിയിലുള്ള പരിപ്പ്, കറുത്ത ചെറിയ വിത്തുകള്‍ എന്നിവ ചേര്‍ന്നതാണ്.

ഇവയുടെ വിളഞ്ഞു പഴുത്ത കായ്കള്‍ ചെടിയില്‍ നിന്നുതന്നെ പൊട്ടി താഴെ വീഴും. കായ്കള്‍ ശേഖരിച്ച് ഉള്ളിലെ തലച്ചോര്‍ രൂപമുള്ള പരിപ്പ് നേരിട്ടു കഴിക്കാം. ജമൈക്ക എന്ന രാജ്യത്തിന്റെ ദേശീയ ഫലമായ അക്കി 'വെജിറ്റബിള്‍ ബ്രെയിന്‍' എന്നും അറിയപ്പെടുന്നു. രുചികരമായ പരിപ്പ് കറികള്‍ വെക്കാന്‍ അന്നാട്ടുകാര്‍ ഉപയോഗിക്കുന്നുണ്ട്. 'സാപിന്‍ഡേസിയ' സസ്യകുടുംബത്തില്‍പ്പെട്ട അക്കിയുടെ ശാസ്ത്രനാമം 'ബ്ലിഗിയ സാപ്പിഡ' എന്നാണ്. വിദേശ മലയാളികള്‍ വഴി നാട്ടിലെത്തിയ ഇവ അലങ്കാര സസ്യമായി പലരും നട്ടുവളര്‍ത്തുന്നുണ്ട്. സീസണില്ലാതെ പലപ്രാവശ്യം പൂക്കുന്ന ഇവ തേനീച്ച കര്‍ഷകര്‍ക്ക് ഉപകാരിയാണ്. അക്കിയുടെ വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ കൃഷിചെയ്യാനുപയോഗിക്കാം. കൂടകളില്‍ ഒരു വര്‍ഷം വരെ വളര്‍ത്തിയശേഷം അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റിനടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള ഏതു മണ്ണിലും അക്കി നന്നായി വളര്‍ന്ന് കായ്കളുണ്ടാകും. അക്കിയുടെ മൂപ്പെത്താത്ത കായ്കളില്‍ വിഷം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് അപകടകരമാണ്.

രാജേഷ് കാരാപ്പള്ളില്‍ 9495234232

rajeshkarapalli@yahoo.com


Stories in this Section