വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാന്‍ ദിവാകരന്റെ പുതിയ കണ്ടെത്തല്‍

Posted on: 20 Aug 2011


വേരുതീനിപ്പുഴുവും വണ്ടും പ്യൂപ്പയും


നീലേശ്വരം:കര്‍ഷകര്‍ക്ക് തീരാശാപമായിമാറിയ വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാന്‍ വേനല്‍ക്കാലത്തെ ജലസേചനംകൊണ്ട് സാധിക്കുമെന്ന് കണ്ടെത്തല്‍. കേരള കാര്‍ഷിക സര്‍വകലാശാല പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞനുള്ള അവാര്‍ഡ്‌നല്കി ആദരിച്ച നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി.ദിവാകരനാണ് നാളികേര കര്‍ഷകരെയും വാഴക്കര്‍ഷകരെയും അലട്ടിക്കൊണ്ടിരിക്കുന്ന വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാനുള്ളവഴി കണ്ടെത്തിയത്.

കോക്കനട്ട് റൂട്ട് ഗ്രബ് (നെലയരി) എന്ന് അറിയപ്പെടുന്ന ഈ കീടം ജൂണ്‍, ജൂലായ് മാസങ്ങളില്‍ വിരിഞ്ഞ് പുറത്തേക്കുവരുന്നു. വണ്ടുകള്‍ മുട്ടയിട്ട് 20 ദിവസംകൊണ്ട് പുഴുക്കള്‍ പുറത്തേക്കുവരും.

ചെറിയ പുഴുക്കള്‍ പുല്ലുകളുടെവേരും ജൈവവസ്തുക്കളും ഭക്ഷിക്കുന്നു. വളര്‍ച്ചപ്രാപിക്കുന്തോറും മണ്ണിനടിയില്‍ ആഴ്ന്നിറങ്ങി തെങ്ങിന്റെവേരുകള്‍ തിന്നുനശിപ്പിക്കും. ഒമ്പതുമാസത്തോളം ലാര്‍വയായിരിക്കും. ഏപ്രില്‍ മാസത്തോടെ പ്യൂപ്പ ദശയിലേക്ക് മാറും. മണ്ണുകൊണ്ടുതന്നെ നിര്‍മിക്കുന്നതാണ് ഇതിന്റെ കൂട്. ഏകദേശം 60 മുതല്‍ 100 സെന്റിമീറ്റര്‍വരെ താഴ്ചയിലാണ് പ്യൂപ്പയായിക്കിടക്കുന്നത്. നല്ല കാലാവസ്ഥയില്‍ മുഴുവന്‍ പ്യൂപ്പകളും ജൂണ്‍മാസത്തിലെ കന്നിമഴയോടുകൂടി വണ്ടായി പുറത്തേക്ക് വരുന്നു.
പി.വി.ദിവാകരന്‍

എന്നാല്‍, ഇക്കുറി പ്രതികൂലകാലാവസ്ഥയായിരുന്നു. ഏപ്രില്‍മാസത്തെ വേനല്‍മഴ കാരണം 70 ശതമാനത്തോളം പ്യൂപ്പകളം നശിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞതായി ദിവാകരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇതിന്റെ പ്രത്യുത്പാദനത്തില്‍ സാരമായ കുറവ് ഉണ്ടായതിനാല്‍ അടുത്തവര്‍ഷം കൂടുതല്‍ വിളവ് പ്രതീക്ഷിക്കാം. വേനല്‍മഴയില്‍ കുറവുവന്നാല്‍ ഏപ്രില്‍ മാസത്തിലെ ജലസേചനംകൊണ്ട് വേര് തീനി പുഴുക്കളെ പൂര്‍ണമായും നിയന്ത്രിക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ദിവാകരന്‍ അറിയിച്ചു.

ചെത്ത്‌തൊഴിലാളിയായ ദിവാകരന്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നിരവധി കണ്ടുപിടിത്തങ്ങളുടെ ഉടമയാണ്. പുതുതായി വികസിപ്പിച്ചെടുത്ത സങ്കരയിനം മണ്ണിരയായ 'കേസരി' ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തം. കൊമ്പന്‍ ചെല്ലിയുടെ ലാര്‍വ ഉപയോഗിച്ച് കമ്പോസ്റ്റ്‌വളം, ലംന ചെടികൊണ്ട് കോഴിത്തീറ്റ, ചെകിരിച്ചോറ് കമ്പോസ്റ്റ് തുടങ്ങിയവ ദിവാകരന്റെ കണ്ടുപിടിത്തങ്ങളാണ്. ചെന്നീരൊലിപ്പിന് കാരണം രണ്ടുതരം ഉറുമ്പുകളായ റെഡ്‌വുഡ് ആന്‍ഡ് ബ്ലാക്ക് വുഡ് ആന്റാണെന്ന് ഈ കൃഷിശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കൂണ്‍ കൃഷിപരിശീലനം, പച്ചക്കറിത്തോട്ടനിര്‍മാണം, ഔഷധശാലോദ്യാനം തുടങ്ങിയവയും ദിവാകരന്റെ കണ്ടെത്തലുകളാണ്. ദിവാകരന്റെ ഫോണ്‍ നമ്പര്‍: 0467 3252126, 9037275653.


Stories in this Section