മള്‍ബറിയില്‍ ഇനങ്ങള്‍ പതിനാറ്‌

Posted on: 31 Jul 2011

കെ. അനില, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍
മള്‍ബറി എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വിരിയുക അതിന്റെ ഇളം പച്ചനിറത്തിലുള്ള തളിരിലകളും ഒപ്പം സുന്ദരിയായ പട്ടുനൂല്‍ പുഴുവിനെയുമാവും. വെള്ള മള്‍ബറിയാണ് നമുക്ക് പരിചിതം.

എന്നാല്‍ അറിയുക, പതിനാറോളം ഇനങ്ങള്‍ മള്‍ബറിയിലുണ്ട്. സങ്കര ഇനങ്ങള്‍ വേറെയും. വെള്ള, കറുപ്പ്, ചുവപ്പ്, ചെറുപഴങ്ങളുടെ കൂട്ടമാണ് ഒരു പഴം. സിയാനിന്‍ എന്ന പദാര്‍ഥമാണ് പഴങ്ങള്‍ക്ക് ചുവപ്പുനിറം നല്‍കുന്നത്. സിയാനിന്റെ അളവ് കൂടുന്തോറും നിറം കടുത്തുവരും. കറുത്ത മള്‍ബറി പഴുക്കാറായാല്‍ ആദ്യം പിങ്ക്, പിന്നെ ഇളം ചുവപ്പ്- ചുവന്നുചുവന്ന് ഒടുവില്‍ നിറയെ പഴച്ചാറുമായി കറുത്ത പഴമായി മാറും. കറുത്ത മള്‍ബറി പഴത്തിനുവേണ്ടി വളര്‍ത്തുമ്പോള്‍ വെള്ളയിനം പഴത്തിനു പുറമേ ഇലകള്‍ക്ക് വേണ്ടികൂടി വളര്‍ത്തുന്നു.

മള്‍ബറി പഴത്തിലെ പോഷകാംശങ്ങള്‍ 100 ഗ്രാം മള്‍ബറി പഴത്തില്‍
കാര്‍ബോഹൈഡ്രേറ്റ്- 4.5 ഗ്രാംനാരുകള്‍- 2 ഗ്രാം
88 ശതമാനം വെള്ളം, ബാക്കി ലവണങ്ങള്‍.
കൊഴുപ്പ്, സോഡിയം, കൊളസ്റ്ററോള്‍ നിസ്സാര അളവില്‍.
വിറ്റാമിന്‍ കെ, സി, ഇരുമ്പ്, റൈബോഫ്ലേവിന്‍ ഉയര്‍ന്ന അളവില്‍. കൂടാതെ 120 കെ.ജെ.യ്ക്ക് തുല്യമായ ഊര്‍ജവും നല്‍കുന്നു.

മള്‍ബറി ചെടിയുടെ ഔഷധഗുണം പണ്ടുമുതലേ അറിവുള്ളതാണ്.

ഇലച്ചാറ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രത്യേകിച്ചും അമിതാഹാരം മൂലമുണ്ടാകുന്ന പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു. രക്തവര്‍ധനയ്ക്കും വിളര്‍ച്ച മാറ്റുവാനും വൃക്കരോഗങ്ങള്‍ക്കും ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും അകാലനരയ്ക്കും ആന്തരിക സ്രവങ്ങളുടെ സന്തുലനത്തിനും മള്‍ബറി നല്ലതത്രേ! കണ്ണുകളുടെ വരള്‍ച്ച തടയുന്നതിനും മുടിവളര്‍ച്ചയ്ക്കും മള്‍ബറിച്ചാറുകള്‍ക്ക് കഴിയുന്നു.

മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം.

പഴത്തിന് പുറമേ സമതലങ്ങളില്‍ കാറ്റ് ചെറുക്കുന്നതിനും ജൈവവേലിയായും മള്‍ബറി വളര്‍ത്താം.


Stories in this Section