ഞവരയ്ക്ക് വേണ്ട കീടനാശിനിയും രാസവളവും

Posted on: 29 Jul 2011

വീണാറാണി ആര്‍, കൃഷി ഓഫീസര്‍, കരിന്തളം, കാസര്‍കോട്‌





ആരോഗ്യപരിപാലനരംഗത്ത് സസ്യൗഷധികള്‍ക്ക് അനുദിനം പ്രാധാന്യമേറിവരികയാണ്. ഇതില്‍ ആയുര്‍വേദചികിത്സയിലെ ഒന്നാമനാണ് ഞവര. ഞവര കഞ്ഞിയുടെയും കിഴിയുടെയും ഉപയോഗം വര്‍ധിച്ചുവരുന്നു. ശരീരബലത്തിനും പുഷ്ടിക്കും പ്രമേഹത്തിനും ഞവര കഞ്ഞി വെച്ചുകഴിക്കുന്നത് ഉത്തമമെന്ന് ആയുര്‍വേദാചാര്യന്മാര്‍. കോശങ്ങളിലെ വിവിധ രാസപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിനും ഞവരയ്ക്ക് പ്രത്യേക കഴിവുണ്ട്. ഞവരയുടെ വൈക്കോല്‍ കന്നുകാലികളുടെ ആരോഗ്യത്തിനും പാലിന്റെ ഉത്പാദനവും ഗുണമേന്മയും കൂട്ടുന്നതിനും ഉപകരിക്കുന്നു.

കൂടിയ ഉത്പാദനച്ചെലവിലൂടെ അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്തു കിട്ടുന്ന നെല്ലിന് കിലോഗ്രാമിന് 14 രൂപയില്‍ താഴെ മാത്രമാണ് വില. അതേസമയം ഞവര നെല്ലിന് 30 രൂപ വരെ വില കിട്ടും. കുത്തിയെടുത്ത ഞവര അരിക്ക് 60 രൂപയില്‍ കൂടുതല്‍ വില തരാന്‍ ആയുര്‍വേദ റിസോര്‍ട്ടുകാരും തയ്യാറാണ്. അതുകൊണ്ടുതന്നെ ഏത് അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങളേക്കാളും പത്ത് പണത്തൂക്കം മുന്നിലാണ് ഞവര. കീടനാശിനികളും രാസവളങ്ങളും ആവശ്യമില്ലെന്നതും ഞവര കൃഷിയുടെ എടുത്തുപറയേണ്ട നേട്ടമാണ്.

രണ്ടാം വിളയ്ക്കും മൂന്നാം വിളയ്ക്കും വയലില്‍ ഞവര കൃഷിയിറക്കാം. ഒന്നാം വിളയ്ക്ക് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയില്ലാത്ത വയലുകളിലും കരപ്രദേശത്തും ഞവര കൃഷി വിജയിക്കും.ആദ്യ ഉഴവില്‍ തന്നെ സെന്റിന് രണ്ടു കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ത്ത് വെള്ളം വാര്‍ത്തു കളയണം. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം നന്നായി ചേര്‍ത്ത് പാകപ്പെടുത്തിയ മണ്ണില്‍ ഞവര പറിച്ചുനടാം. ഞാറുകള്‍ തമ്മില്‍ ഒരടിയെങ്കിലും അകലം നല്‍കണം. ഒരു നുരിയില്‍ ഒന്നോ രണ്ടോ മതി. കീടനാശിനിക്കുപകരം വേപ്പെണ്ണ എമല്‍ഷന്‍ തളിച്ച് കീടങ്ങളെ നശിപ്പിക്കാം. 90 ദിവസത്തിനുള്ളില്‍ ഞവര വിളവെടുക്കാം. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ രാഘവന്‍ എല്ലാ വര്‍ഷവും ഞവര കൃഷി ചെയ്യുന്ന കര്‍ഷകനാണ്. പണവും ഗുണവും കൂടുതലുള്ള ഞവര കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ വരണമെന്നതാണ് ഈ മുതിര്‍ന്ന കര്‍ഷകന്റെ അഭിപ്രായം. രാഘവന്‍, 04672211743.




Stories in this Section