പുലോസാന്‍ കേരളത്തിനുയോജ്യം

Posted on: 29 Jul 2011

രാജേഷ് കാരാപ്പള്ളില്‍, rajeshkarapalli@yahoo.comവിദേശത്തുനിന്നു വിരുന്നെത്തി കേരളത്തിലെ കാലാവസ്ഥയെ പ്രണയിച്ച് നാട്ടില്‍ നന്നായി വളര്‍ന്ന് സമൃദ്ധമായി പഴങ്ങളുണ്ടാക്കുന്ന സസ്യമാണ് 'പുലോസാന്‍'. പതിനഞ്ചുമീറ്ററോളം ഉയരത്തില്‍ ശാഖകളായി പടര്‍ന്നുവളരുന്ന ഇവയുടെ ഇലകള്‍ വേപ്പിലപോലെ ചെറുതാണ്. റംബൂട്ടാന്‍ ഉള്‍പ്പെടുന്ന 'സാപിന്‍ഡേസിയ' സസ്യ കുടുംബാംഗമായ പുലോസാന്റെ ശാസ്ത്രനാമം 'നെഫീലിയം മ്യൂട്ടബെല്‍' എന്നാണ്.

ചെറിയ മുള്ളുകള്‍ നിറഞ്ഞവയാണ് ഇവയുടെ കായകള്‍. 50 ഗ്രാമിലധികം തൂക്കമുള്ള കായകളിലെ മുള്ളുകള്‍ പഴുക്കുമ്പോള്‍ മൃദുവായിത്തീരും. പഴങ്ങളുടെ തൊലി പൊളിച്ച് ഉള്ളിലെ മാംസളമായ പള്‍പ്പ് കഴിക്കാം. ഉള്ളില്‍ ചെറിയൊരു വിത്തുമുണ്ടാകും. വേനല്‍ക്കാലത്ത് പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള കാലാവസ്ഥയില്‍ പുലോസാന്റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിരിഞ്ഞുതുടങ്ങും. ഒരു കുലയില്‍ പത്തോളം കായകള്‍ ഉണ്ടാവും. ആറുമാസംകൊണ്ട് കായകള്‍ വിളയും. പഴുത്ത കായകള്‍ക്ക് നല്ല ചുവപ്പുനിറമാകുമ്പോള്‍ ശേഖരിച്ചുതുടങ്ങണം. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഇവയില്‍നിന്ന് ജാം ഉണ്ടാക്കുകയും ചെയ്യാം. കേരളത്തിലെ സമശീതോഷ്ണകാലാവസ്ഥയില്‍ വെള്ളക്കെട്ടില്ലാത്ത ഏതുമണ്ണിലും വളരുന്ന പുലോസാന്‍ മലേഷ്യന്‍ സസ്യമാണ്.

വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ജലസേചനം ആവശ്യമാണ്. ജൈവവളങ്ങളും നല്കണം. പുലോസാന്‍ നട്ടുവളര്‍ത്താന്‍ വിത്തുതൈകള്‍ ഉപയോഗിക്കാമെങ്കിലും കായ് പിടിക്കാത്ത ആണ്‍മരങ്ങള്‍ ഇത്തരം തൈകളില്‍ കാണുന്നതിനാല്‍ ഒട്ടുതൈകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇവ ശരിയായി വളര്‍ന്ന് മൂന്നാം വര്‍ഷം മുതല്‍ ഫലം തന്നുതുടങ്ങും.

പുലോസാന്‍ കൃഷിചെയ്യാന്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അരമീറ്ററോളം താഴ്ചയുള്ള കുഴിയെടുത്ത് ചാണകമോ ജൈവവളമോ ചേര്‍ത്ത് മേല്‍മണ്ണിട്ടുമൂടി, മുകളില്‍ ഒരു പിള്ളക്കുഴിയെടുത്ത് കൂടയില്‍ വളരുന്ന ഒട്ടുതൈകള്‍ കവര്‍ തുറന്ന് നടാം. ചെറിയ കമ്പുകള്‍ നാട്ടിക്കെട്ടി ചെടികള്‍ കാറ്റിലൊടിയാതെ നോക്കണം. മഴയില്ലെങ്കില്‍ ക്രമമായി ജലസേചനം നല്കണം. ഒട്ടുസന്ധിയില്‍നിന്നല്ലാതെ വളരുന്ന മുകുളങ്ങള്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. വര്‍ഷത്തില്‍ രണ്ടുതവണയായി പുലോസാന് വളം ചേര്‍ക്കാം. ഇവ തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ പത്തുമീറ്റര്‍ അകലത്തിലെങ്കിലും നടണം. ഒരാള്‍പ്പൊക്കത്തില്‍ ഇവയുടെ മുകള്‍ഭാഗം മുറിച്ച് പരമാവധി ശാഖകള്‍ വളരാന്‍ അനുവദിക്കണം.

നാട്ടില്‍ ഇനിയും ലഭിച്ചുതുടങ്ങാത്ത പുലോസാന്‍ പഴങ്ങള്‍ക്ക് കിലോഗ്രാമിന് 100 രൂപയിലധികം വില ലഭിക്കുന്നതിനാല്‍ വാണിജ്യകൃഷിക്ക് യോജ്യമാണ്. കായകളുടെ പുറത്ത് മുള്ളുള്ളതിനാല്‍ ജീവികള്‍ മോഷ്ടിച്ചുകൊണ്ടുപോകാറുമില്ല. കാര്യമായ രോഗകീടബാധകള്‍ കാണാത്ത സസ്യമാണ് പുലോസാന്‍. ഈ നിത്യഹരിതവൃക്ഷം പൂന്തോട്ടങ്ങള്‍ക്ക് അഴകുപകരാനും വളര്‍ത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.
Stories in this Section