'ബസല്ല' ഇലക്കറികളില്‍ കേമന്‍

Posted on: 29 Jul 2011

വീണാറാണി ആര്‍, കൃഷി ഓഫീസര്‍, കിനാനൂര്‍, കരിന്തളംദിവസം 100 ഗ്രാം ഇലക്കറി നമുക്ക് നിര്‍ബന്ധം. പിപണിയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളുടെ പ്രത്യേകിച്ചും ഇലക്കറികളുടെ മേന്മയേയും സുരക്ഷിതത്ത്വത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ കൂടി വരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ പല തവണ കീടനാശിനി പ്രയോഗം നടത്തിയ പച്ചക്കറികളാണ് നമ്മുടെ മാര്‍ക്കറ്റിലെത്തുന്നതെന്നതാണ് യാഥാര്‍ഥ്യം.

നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് വള്ളിച്ചീര, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന ബസല്ല. ജീവകം 'എ'യും ഇരുമ്പും കാത്സ്യവും മാംസ്യവും ബസല്ലയുടെ ഇലയില്‍ ഉയര്‍ന്ന തോതിലുണ്ട്. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ച്ച ത്വരിതഗതിയിലായിരിക്കും. ആവശ്യത്തിന് വളക്കൂറും ജലാംശവുമുള്ള മണ്ണാണ് ഉചിതം.

മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ബസല്ല നടാന്‍ അനുയോജ്യം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ ബസല്ലയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടുക. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം. രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. പടര്‍ന്നുവരുന്ന ചെടിയാണ് ബസല്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തുന്നതു ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവെടുക്കാം. ഒരു മീറ്റര്‍ നീളമുള്ള തണ്ടിന് ഇലയടക്കം മുറിച്ചു ചുറ്റിക്കെട്ടിയാണ് വില്പന. മാര്‍ക്കറ്റില്‍ 15 രൂപ വരെ ഇതിന് വിലയുണ്ട്. അടുക്കളമുറ്റത്തൊരു ബസല്ല പന്തലുണ്ടെങ്കില്‍ കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതം.
Stories in this Section