പാല്‍പ്പഴം നമുക്കിന്നും അന്യം

Posted on: 29 Jul 2011

എം.പി. അയ്യപ്പദാസ്‌ഇനിയും പ്രചാരം ലഭിക്കാത്ത ഒരിനമാണ് പാല്‍പ്പഴമെന്ന് ഓമനപ്പേരുള്ള മില്‍ക്ക് ഫ്രൂട്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ അങ്കോവര്‍ത്ത്, കമ്പോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഈ പഴം കേരളത്തില്‍ നന്നായി വളരുമെങ്കിലും വേണ്ടത്ര വേരോട്ടം കിട്ടിയിട്ടില്ല.

സപ്പോട്ടാസിയ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം 'ക്രിസോഫൈലം കെയിനിറ്റോ' എന്നാണ്. സ്റ്റാര്‍ ആപ്പിള്‍, കെയിനിറ്റോ, ഗോള്‍ഡ് ലീഫ് ട്രി അബൈബ എന്നീ പേരുകളുള്ള 150 ല്പരം ഇനങ്ങള്‍ ഇതിലുണ്ട്. വിയറ്റ്‌നാമില്‍ ഇതിനെ മില്‍ക്ക് ബ്രെസ്റ്റ് എന്നും വിളിപ്പേരുണ്ട്.

പഴുക്കുമ്പോള്‍ വെള്ളനിറവും അകം ചുവപ്പുനിറവുമുള്ള രണ്ടിനമുണ്ട്. ഇവ രണ്ടും നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും ഫലം തരികയും ചെയ്യും. പഴുത്താല്‍ ഉള്ളിലെ കുഴമ്പ് കുറുക്കിയ പാലില്‍ പഞ്ചസാര ചേര്‍ത്ത് ഹൃദ്യമായ സ്വാദും നറുമണവും ഉണ്ട്. നന്നായി പഴുത്തവയെ കൈകൊണ്ട് അമര്‍ത്തി അകം ദ്രവരൂപത്തിലാക്കി ചെറുദ്വാരമിട്ട് ഉറുഞ്ചിയും പഴം നെടുകെ മുറിച്ച് കരണ്ടികൊണ്ട് കോരിയും കഴിക്കാം.

ഇലപൊഴിയാതെ നിത്യഹരിതമായി നിലകൊള്ളുന്ന ഈ മരം വീട്ടുമുറ്റത്ത് അലങ്കാരമായും വളര്‍ത്തിയാല്‍ തണലിനോടൊപ്പം പഴങ്ങളും കിട്ടും.

വിത്തിട്ട് മുളപ്പിച്ച തൈകള്‍ 15 മീറ്റര്‍ ഉയരത്തിലും ഒട്ടുതൈകള്‍ അഞ്ചുമീറ്ററിലും വളരും. തുറസ്സായ സ്ഥലങ്ങളിലും ഭാഗിക തണലിലും വളര്‍ത്താം. 75 ന്ദ 75 ന്ദ 75 സെ.മീ. അളവില്‍ കുഴികളെടുത്ത് മേല്‍മണ്ണും ജൈവവളവും തൈ നടുമ്പോള്‍ അല്പം വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് നടണം. തൈകള്‍ തമ്മില്‍ ഏഴു മീറ്റര്‍ അകലം വേണം. ശാഖകള്‍ പടര്‍ന്ന് വളരുന്നതിനാല്‍ അടിവിളകളായി മറ്റൊന്നും വളരുകയില്ല. ആണ്ടിലൊരുതവണ 10 കിലോ ജൈവവളത്തോടൊപ്പം 250 ഗ്രാം എല്ലുപൊടിയും നല്കി ചുവട് ഇളക്കണം. വളരുന്നതനുസരിച്ച് ചെടിക്ക് വളത്തിന്റെ അളവും കൂട്ടണം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം. നവംബറില്‍ പൂത്തുതുടങ്ങും. ആ സമയം നന്നായി നനച്ചാല്‍ കൂടുതല്‍ പൂവുണ്ടാകും. ക്രീം നിറമുള്ള പൂക്കള്‍ ഒരു കൊത്തില്‍ നാലഞ്ചെണ്ണം കാണുമെങ്കിലും മിക്കവാറും ഒന്നോ രണ്ടോ കായ്കള്‍ മാത്രമേ ഉണ്ടാവൂ. ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ കായ്കള്‍ പാകമാകും. തോടിന് വിളറിയ നിറംവരുമ്പോള്‍ മൂപ്പെത്തിയെന്ന് അനുമാനിക്കാം. ചെറുനാരങ്ങയോളം വലിപ്പമുണ്ടാകും. നാലു വിത്തുകളും കാണും. വിത്തിന്റെ പുറംതോടിന് കട്ടികൂടിയതുകൊണ്ട് കിളിക്കാര്‍ മൂന്നാഴ്ചകാലമേറെ വേണ്ടിവരും. പാകി കിളിര്‍പ്പിച്ചോ പോളിബാഗുകളില്‍ നേരിട്ടോ വിത്തിടാം. മൂന്നു മാസംകൊണ്ട് തൈകള്‍ നടാറാകും. മൂന്നാം വര്‍ഷം കായ്കള്‍ തരുന്ന ഒട്ടുതൈകളും ലഭ്യമാണ്.

വളര്‍ന്നുകഴിഞ്ഞാല്‍ അധികപരിരക്ഷ ആവശ്യമില്ല. 800 മുതല്‍ 1000 വരെ കായ്കള്‍ ലഭിക്കുമെന്ന് 20 ല്പരം മരങ്ങളുള്ള ആത്മനിലയം ജയകുമാര്‍ പറഞ്ഞു. രോഗകീടങ്ങള്‍ പിടിപെടാത്തതാണ് ഈ മരമെങ്കിലും യഥാസമയം പഴങ്ങള്‍ പറിക്കാതിരുന്നാല്‍ പുഴുക്കളുണ്ടാവാനുള്ള സാധ്യതയുമുണ്ട്. വിവരങ്ങള്‍ക്ക്: 9400401900.Stories in this Section