എം.പി. അയ്യപ്പദാസ്

നാടന്‍ നെല്ലി, കാരംബോള, പുളിഞ്ചി തുടങ്ങിയ നാടന്‍ പഴങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് മധുര അമ്പഴം. മൂക്കുന്നതിനു മുമ്പ് അച്ചാറായും പഴുത്താല്‍ പഴമായും പ്രയോജനപ്പെടുത്താം.
വൈല്‍ഡ് മാംഗോ, ഹോങ്പ്ലം, എംമ്രാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം സ്പോണ്‍ഡിയാസ് പിന്നേറ്റ എന്നാണ്. ജന്മദേശം മലേഷ്യയാണ്. സമുദ്രനിരപ്പില്‍നിന്ന് 1500 മീറ്റര്‍ ഉയരം വരെയുള്ള സ്ഥലങ്ങളിലും ശ്രീലങ്ക, മ്യാന്മര്, തായ്ലന്ഡ്, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങിലും വ്യാപകമായി കണ്ടുവരുന്നു.
പ്രായമേറുമ്പോള്‍ 25 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇതിന്റെ ശാഖകളില്‍ ഇരുവശത്തുമായി 40 സെ. മീറ്ററോളം സമ്മുഖമായി ഇലകള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ മരത്തിന് നല്ല ഭംഗിയുമുണ്ട്. കായ്കള്‍ക്ക് ഇളംപച്ച നിറവും പഴുത്താല്‍ മഞ്ഞനിറവുമായിരിക്കും. പോഷകസമ്പന്നമായ ഈ പഴത്തില്‍ വൈറ്റമിന്‍ എയും ഇരുമ്പും ധാരാളമടങ്ങിയിട്ടുണ്ട്. 30 വര്‍ഷത്തോളം നിലനില്പുള്ള ഇതിന്റെ ഇലകള്‍ക്കും പൂവിനും നറുമണമുള്ളതിനാല് കറികളില്‍ ചേര്‍ത്ത് സ്വാദ് വര്‍ധിപ്പിക്കാം. വിളഞ്ഞ തടി പാക്കിങ് പെട്ടിയുണ്ടാക്കുവാനും തൊലി ഛര്‍ദി തടയുവാനുള്ള ഔഷധമായും പ്രയോജനപ്പെടുത്തുന്നുണ്ട്.വിത്തിന്റെ പുറംതോടിന് കട്ടിയുള്ളതിനാല്‍ മുളച്ചുവരുവാന്‍ ഒരുമാസക്കാലം വേണം. പാകി ക്കിളിര്പ്പിച്ച തൈകള്‍ ഫലം തരുവാന്‍ അഞ്ചുവര്‍ഷക്കാലം വണ്ടിവരും. എന്നാല്‍ ഒട്ടുതൈകള്‍ രണ്ടാംവര്‍ഷം മുതല്‍ കായ്ച്ചുതുടങ്ങും. നാടന്‍ അമ്പഴത്തിന്റെ വിത്തിട്ട് മുളപ്പിച്ച തൈകളില്‍ അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടെ കൊമ്പുകള്‍ 'എപ്പിക്കോട്ടൈല്' വഴി ഒട്ടിക്കല്‍ പ്രക്രിയ നടത്തിയാണ് തൈകള്‍ ഉണ്ടാക്കുന്നത്. പത്തില പ്രായമാകുമ്പോള്‍ ഒട്ടുതൈകള്‍ നടാന്‍ പാകമാകും.
സൗകര്യമുണ്ടെങ്കില്‍ എല്ലാകാലത്തും കൃഷി ചെയ്യാം. 75 x 75 x 75 അളവില്‍ കുഴികളെടുത്ത് ജൈവവളവും മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴികള്‍ മുക്കാല്‍ഭാഗം നിറച്ചശേഷം കുഴിയുടെ മധ്യഭാഗത്ത് ചെറുകുഴിയെടുത്ത് ഒരുപിടി എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് തൈ നടാം. ഒരു മാസക്കാലം ദിവസേനയും അതുകഴിഞ്ഞ് ആഴ്ച ഇടവിട്ടും നനയ്ക്കണം. വര്‍ഷത്തില്‍ മഴയ്ക്കു മുമ്പും പിമ്പും ഒരു കുട്ട ജൈവവളവും അരക്കിലോ എല്ലുപൊടിയും തടത്തില്‍ ചേര്‍ത്ത് മണ്ണിളക്കിക്കൊടുക്കണം. ഒട്ടുതൈകള്‍ രണ്ടാം വര്‍ഷം മുതല്‍ പൂവിട്ടുതുടങ്ങും. സപ്തംബര്‍ മാസത്തില്‍ പൂക്കുകയും മാര്‍ച്ച് മാസത്തില്‍ കായ്കള്‍ പാകമാകുകയും ചെയ്യും. ശിഖരങ്ങളിലും ഇലത്തുഞ്ചത്തും നിറയെ പൂവുകള്‍ ഉണ്ടാകും. ക്രീം നിറമാണ്. അഞ്ചുവര്‍ഷം വളര്‍ന്ന ഒരു ചെടിയില്‍നിന്നു ശരാശരി 300-400 കായ്കള്‍ വരെ ലഭിക്കുമെന്നും ഒരു കായ്ക്ക് ശരാശരി 100-150 ഗ്രാം തൂക്കമുണ്ടാവുമെന്നുംപാറശ്ശാല ചെറുവാരക്കോണം ആത്മനിലയത്തിലെ ജയകുമാര്‍ പറഞ്ഞു. കായ്കള്‍ പറിച്ചുകഴിഞ്ഞാല്‍ വീണ്ടും പൂവിട്ടുകായ്ക്കുമെന്നും ഇങ്ങനെ ആണ്ടു മുഴുവന്‍ ചെടി ഒഴിയാതെ കായ്കള്‍ കിട്ടുമെന്നും ജയകുമാര്‍ അഭിപ്രായപ്പെട്ടു. രോഗ-കീടങ്ങള്‍ ചെടിയെ ബാധിക്കാറില്ലെങ്കിലും പഴുത്താല്‍ കായ്ഈച്ചയുടെ ഉപദ്രവം ഉണ്ടാവാം. അതിന് കൊമ്പുകളില്‍ പഴക്കെണികള്‍ കെട്ടി നേരിടാം.