പഴങ്ങളുടെ റാണി മാംഗോസ്റ്റിന്‍

Posted on: 28 Jul 2011

രാജേഷ് കാരാപ്പള്ളില്‍.നമ്മുടെ നാട്ടിലെ കുടംപുളിയുടെ വര്‍ഗത്തില്‍പ്പെട്ട ഫലവര്‍ഗസസ്യമാണ് മാംഗോസ്റ്റിന്‍. മധുരവും രുചിയും പോഷകങ്ങളും നിറഞ്ഞ പഴങ്ങള്‍ ലഭിക്കുന്ന ഇതിനെ 'പഴങ്ങളുടെ റാണി' എന്നറിയപ്പെടുന്നു. ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഈ നിത്യഹരിതവൃക്ഷത്തിന്റെ ഇലകള്‍ വലുതും ഇരുണ്ട പച്ചനിറമുള്ളവയുമാണ്.

ശാഖാഗ്രങ്ങളിലാണ് കായ്കള്‍ ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് ഇവ പൂക്കുന്നത്. പൂക്കള്‍ ചെറുതും ചുവപ്പും മഞ്ഞയും കലര്‍ന്ന നിറമുള്ളവയുമാണ്. ചെറുകായ്കള്‍ക്ക് പച്ചനിറമാണ്. ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ഇവ പാകമാകുമ്പോള്‍ പര്‍പ്പിള്‍ നിറമാകും. കട്ടിയുള്ള പുറംതോടു നീക്കി പഴത്തിനുള്ളിലെ വെളുത്തു മാംസളമായ അല്ലികള്‍ കഴിക്കാം. ഇവയ്ക്ക് ഹൃദ്യമായ രുചിയും ഗന്ധവുമുണ്ട്. ഫ്രൂട്ട്‌സലാഡിനും സ്‌ക്വാഷിനും പഴങ്ങള്‍ ചേര്‍ക്കാം. കാലവര്‍ഷത്തിനൊടുവിലാണ് കേരളത്തിലെ ഇവയുടെ പഴക്കാലം. മാംഗോസ്റ്റിന്‍ പഴങ്ങള്‍ കഴിച്ചാല്‍ ദാഹം, ക്ഷീണം ഇവ അകന്ന് ഉന്മേഷം കൈവരും.

അര്‍ബുദം, അള്‍സര്‍, രക്തസമ്മര്‍ദം, അലര്‍ജി, ത്വഗ്‌രോഗങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കുന്ന ഇവയില്‍ കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, അയണ്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിപണിയില്‍ നല്ല ഡിമാന്റുള്ള പഴങ്ങള്‍ക്ക് നൂറു രൂപയിലധികം വിലയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് ആയിരം മീറ്റര്‍ വരെ ഉയരത്തില്‍ മാംഗോസ്റ്റിന്‍ വളരുമെങ്കിലും എക്കല്‍മണ്ണു നിറഞ്ഞ പ്രദേശങ്ങളാണ് കൂടുതല്‍ അനുയോജ്യം. നട്ട് ആറ്, ഏഴ് വര്‍ഷത്തിനുള്ളില്‍ കായ് പിടിച്ചുതുടങ്ങുന്ന ഇവയുടെ പ്രായമായ വൃക്ഷത്തില്‍നിന്ന് പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭിക്കും. മാംഗോസ്റ്റിന്‍ കൃഷിചെയ്യാന്‍ ഇവയുടെ പഴങ്ങളില്‍നിന്നു ശേഖരിക്കുന്ന വിത്തുകള്‍ ഉപയോഗിക്കാം. തവാരണകളില്‍ പാകി മുളപ്പിച്ചെടുക്കുന്ന തൈകള്‍ രണ്ടുവര്‍ഷത്തോളം ജൈവവളങ്ങള്‍ നിറച്ച് മേല്‍മണ്ണും ചേര്‍ത്ത കൂടകളില്‍ മാറ്റി നട്ടുവളര്‍ത്തണം. കാലവര്‍ഷാരംഭത്തോടെ ചെടികള്‍ തോട്ടത്തില്‍ നട്ടുതുടങ്ങാം. ഒരുമീറ്റര്‍ നീളം, വീതി, താഴ്ചയുള്ള കുഴികളെടുത്ത് ഉണങ്ങിപ്പൊടിഞ്ഞ കാലിവളം നിറച്ച് മേല്‍മണ്ണ് ഉപയോഗിച്ചു മൂടി നടുവില്‍ പിള്ളക്കുഴിയെടുത്ത് കവര്‍ നീക്കി തൈകള്‍ നടാം. ദിവസവും ജലസേചനം നല്‍കണം. തനിവിളയായി മാംഗോസ്റ്റിന്‍ വളര്‍ത്തുമ്പോള്‍ മരങ്ങള്‍ തമ്മില്‍ പത്തു മീറ്റര്‍ അകലം നല്‍കണം. ഭാഗികമായി തണലിലും ഇവ നന്നായി വളരും. ആദ്യകാലങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും ശാഖകള്‍ വളര്‍ന്നുതുടങ്ങുന്നതോടെ ത്വരഗതിയിലാകും. വേനല്‍ക്കാലത്ത് ജലസേചനം കൃത്യമായി നല്‍കേണ്ടതുണ്ട്. വലിയ ചെടികള്‍ക്ക് മഴക്കാലാരംഭത്തില്‍ ജൈവവളങ്ങളും സമൃദ്ധമായി നല്‍കണം.

കാര്യമായ രോഗ, കീടബാധകള്‍ മാംഗോസ്റ്റിന്‍ വൃക്ഷത്തെ ബാധിക്കാറില്ല. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ മാംഗോസ്റ്റിന്റെ കൃഷി നാട്ടില്‍ ഇനിയും വ്യാപകമായിട്ടില്ല. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232)

rajeshkarapalli@yahoo.com


Stories in this Section