കൊമ്പന്‍ചെല്ലിയെ തുരത്താന്‍ പച്ചക്കുമിള്‍
Posted on: 28 Jul 2011
തെങ്ങിനെ ആക്രമിക്കുന്ന കൊമ്പന്‍ചെല്ലിക്കെതിരെ ജൈവനിയന്ത്രണം വിജയകരമാണെന്നു തെളിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ തീരദേശ പഞ്ചായത്തായ ഇടവയില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന പങ്കാളിത്ത ഗവേഷണപരിപാടി ലക്ഷ്യം കണ്ടു.
തെങ്ങിന്‍തൈ ഉള്‍പ്പെടെ തെങ്ങിന്റെ വിവിധ ദശകളില്‍ കാര്യമായ കേടുപാടുണ്ടാക്കുന്ന കീടമാണ് ചെമ്പന്‍ചെല്ലി. ഇതു മണ്ടയിലെ മൃദുവായ ഭാഗത്ത് തുരന്നുകയറി അവിടം ഭക്ഷിക്കുന്നതിന്റെ ഫലമായി ഓലകള്‍ മുറിയാനും പൂങ്കുലകള്‍ നശിക്കാനും കാരണമാകും. ഇടവ പഞ്ചായത്തില്‍, കൃഷിഭവന്റെ നേതൃത്വത്തിലും കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടും കൂടിയാണ് കൊമ്പന്‍ചെല്ലി നിയന്ത്രണം അരങ്ങേറിയത്. ഇരുപത് പേരടങ്ങുന്ന വനിതാഗ്രൂപ്പിനു പരിശീലനം നല്‍കി അവരെ ഉപയോഗിച്ച് 'മെറ്റാ റൈസിയം' എന്ന പരാദകുമിളിന്റെ കള്‍ച്ചറുണ്ടാക്കി. രണ്ടായിരത്തോളം പാക്കറ്റുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കുകയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ചെല്ലി മുട്ടയിട്ടുപെരുകുന്ന വളക്കുഴികളിലും ചാണകക്കുഴികളിലും ദ്രവിച്ച മരക്കുറ്റികളിലുമൊക്കെ കുമിള്‍ കള്‍ച്ചര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുത്തു.
കമ്പുകളുപയോഗിച്ച് ഒരടിയോളം ആഴത്തില്‍ ദ്വാരമുണ്ടാക്കിയതിലാണ് ഇത് ഒഴിച്ചത്. കൊമ്പന്‍ചെല്ലിയുടെ കുണ്ടളപ്പുഴുവിനെയും മുതിര്‍ന്ന ചെല്ലിയേയുമൊക്കെ ഈ കുമിള്‍ ആക്രമിച്ചുകൊന്നൊടുക്കി. വളക്കുഴികളില്‍ പുഴുനാശകശേഷിയുള്ള ഒരുവേരന്‍ (പെരുവലം) ചെടി നിക്ഷേപിക്കുക, തോട്ടങ്ങളില്‍ ഫെറോമോണ്‍ കെണികള്‍ വെക്കുക എന്നിവയും സംയോജിത നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കി. എന്നാല്‍ മിത്രകുമിളിനെ ഉപയോഗിച്ച് ചെല്ലിയെ പ്രാരംഭദശയില്‍ത്തന്നെ നിയന്ത്രിക്കുന്നതാണ് ഏറ്റവും ഫലവത്തായി കണ്ടതെന്ന് കൃഷി ഓഫീസര്‍ തേജസ്വിഭായി വെളിപ്പെടുത്തി.
ചെല്ലിയുടെ ജൈവനിയന്ത്രണവും ചെലവു കുറഞ്ഞ രീതിയിലുള്ള അതിന്റെ വംശവര്‍ധനയും സംബന്ധിച്ച് കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും പരിശീലനം നടത്താന്‍ കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് കേന്ദ്രത്തിലെ വിജ്ഞാനവ്യാപനവിഭാഗം ശാസ്ത്രജ്ഞ ഡോ. അനിതകുമാരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇടവയിലെ വനിതാഗ്രൂപ്പ് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന കാസര്‍കോട്ടെ കര്‍ഷകഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കി. തിരുവനന്തപുരത്തെ ചെറുന്നിയൂര്‍ പഞ്ചായത്തിലും കൊമ്പന്‍ചെല്ലിയുടെ ജൈവനിയന്ത്രണപദ്ധതി തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവന്‍ ഇടവ: 0470 2663122.