തോരാത്തമഴ: ടാപ്പിങ് മേഖലയില്‍ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലേക്ക്

Posted on: 16 Sep 2015വെഞ്ഞാറമൂട്: പത്തുദിവസമായി തോരാതെ പെയ്യുന്നമഴയില്‍ പുല്ലമ്പാറ, മാണിക്കല്‍, നെല്ലനാട്, വാമനപുരം പഞ്ചായത്തുകളിലെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളുടെ ജീവിതം കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
വേനല്‍കഴിഞ്ഞ് ടാപ്പിങ് ആരംഭിച്ചിട്ട് കുറച്ചു ദിവസമായതേ ഉള്ളു. അതിനിടയില്‍ മഴകൂടി ശക്തമായതോടെ തൊഴിലാളികള്‍ക്ക് പണി കിട്ടാതായിരിക്കുകയാണ്. തലേദിവസം രാത്രി ചെറിയ മഴപെയ്താല്‍ പോലും ടാപ്പിങ് പണി നടത്താന്‍ കഴിയില്ല. ഇപ്പോള്‍ തുടര്‍ച്ചയായി പത്തു ദിവസത്തിലധികം പണി തടസ്സപ്പെട്ടിരിക്കുന്നു. ടാപ്പിങ്പണി കിട്ടാതെ വന്നാല്‍ പകരം പോകാനും പണി കിട്ടുന്നില്ല. പുല്ലമ്പാറ പഞ്ചായത്തിലെ ബഹുഭൂരിപക്ഷംപേരും ടാപ്പിങ് മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നെല്ലനാട്, വാമനപുരം, മാണിക്കല്‍ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ദിവസവും ജോലികിട്ടാത്തത് കൊണ്ട് നിത്യജീവിതം പട്ടിണിയിലായിരിക്കുന്നു.
മലയോരമേഖലയില്‍ പനിയും ചുമയും പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ക്ക് ചികിത്സയ്ക്കും മരുന്നിനും പ്രത്യേകം പണം കണ്ടെത്തേണ്ടതുണ്ട്.
പണിനിലച്ചതോടെ മിക്ക ടാപ്പിങ് തൊഴിലാളി കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്. കടകളില്‍ നിന്നും കടംപോലും കിട്ടാത്ത അവസ്ഥയാണ്. ഓപ്പറേഷന്‍ കുബേര വന്നപ്പോള്‍ മറുനാടന്‍ പണമിടപാടുകാര്‍ സ്ഥലം വിടുകകൂടി ചെയ്തപ്പോള്‍ പെട്ടെന്ന് കടം എടുക്കാനും കഴിയാത്ത സ്ഥിതിയാണ്.
തൊഴിലുറപ്പ് പണികള്‍ പോലും യഥാസമയം നടക്കാത്തത് കൊണ്ടും വേതനം സമയത്ത് ലഭിക്കാത്തതുകൊണ്ടും ആ വരുമാനത്തിന്റെ പ്രതീക്ഷയും ഇല്ലാതായി. ഇനി തുലാവര്‍ഷം കൂടി ശക്തി പ്രാപിക്കുന്നതോടെ ഗ്രാമീണരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതം പതിന്‍മടങ്ങായി മാറും.
ടാപ്പിങ് മേഖലയില്‍ മഴക്കാലത്ത് സൗജന്യ റേഷന്‍ അനുവദിക്കുമെന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതെല്ലാം വാഗ്ദാനങ്ങളായി മാത്രം നിലനില്‍ക്കുകയാണ്.
ടാപ്പിങ് മേഖലയില്‍ അടിയന്തരമായി സൗജന്യ റേഷന്‍ അരിയും ധാന്യങ്ങളും നല്‍കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram