ബസ് സ്റ്റാന്‍ഡില്ലെങ്കില്‍ വേണ്ട; ബസ് ഷെല്‍ട്ടറെങ്കിലും തന്നുകൂടെ?

Posted on: 16 Sep 2015കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ യാത്രക്കാര്‍ക്ക് ബസ്സില്‍ കയറാനും ഇറങ്ങാനും കൃത്യമായ ഒരു സ്ഥലം ഇല്ല.
ആറ്റിങ്ങല്‍, അഞ്ചുതെങ്ങ്, വക്കം, അകത്തുമുറി, ചിറയിന്‍കീഴ്, പെരുമാതുറ, വര്‍ക്കല, കവലയൂര്‍ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന ബസ്സുകള്‍ കടയ്ക്കാവൂര്‍ പ്രധാന കേന്ദ്രമാക്കിയാണ് സര്‍വീസ് നടത്തുന്നത്. കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളുടെ സംഗമസ്ഥാനമായതിനാല്‍ കടയ്ക്കാവൂരിലാണ് ഈ പഞ്ചായത്തുകളിലുള്ള ഭൂരിഭാഗം പേരും മറ്റിടങ്ങളിലേയ്ക്ക് ബസ്സില്‍ പോകാന്‍ എത്തുന്നത്. ഏറെക്കുറെ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനാണ് കടയ്ക്കാവൂര്‍. അതുകൊണ്ടുതന്നെ ആയിരക്കണക്കിനുപേരാണ് നിത്യവും കടയ്ക്കാവൂരിലെത്തുന്നത്. എന്നാല്‍ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനോ മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കുന്നതിനോ, അത്യാവശ്യത്തിന് പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനോ ഉള്ള സൗകര്യംപോലും ഇവിടെയില്ല.
ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന ബസ്സുകള്‍ കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപം പലയിടത്തായാണ് നിര്‍ത്തി ആളിനെ ഇറക്കുന്നതും കയറ്റുന്നതും. ഇടുങ്ങിയ റോഡായതിനാല്‍ ഇവിടെ ബസ് നിര്‍ത്തുന്നത് ഗതാഗതതടസ്സത്തിനും അപകടത്തിനും കാരണമാകുന്നു. സ്റ്റേഷന് സമീപമുള്ള റെയില്‍വേ ഭൂമിയില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും യാത്രക്കാരെ കയറ്റാനും നിയമപരമായി അവകാശമില്ല. ഓവര്‍ബ്രിഡ്ജ് വരെ മാത്രമെ ബസ്സുകള്‍ക്ക് ഗതാഗതവകുപ്പ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളൂ എന്നതിനാല്‍ ഭൂരിഭാഗം ബസ്സുകളും യാത്രക്കാരെ നടുറോഡില്‍ ഇറക്കിവിടുകയാണ് പതിവ്. മഴയായാലും വെയിലായാലും പാലത്തിന് സമീപമുള്ള വളവില്‍ നില്‍ക്കാനാണ് യാത്രക്കാരുടെ വിധി. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ സുരക്ഷാവേലിയായ ഇരുമ്പ് പൈപ്പുകള്‍ തുരുമ്പെടുത്ത് നശിച്ചിട്ട് വര്‍ഷങ്ങളായി. ഇങ്ങനെ അസൗകര്യങ്ങളും അപകടങ്ങളും പതിയിരിക്കുന്ന കടയ്ക്കാവൂരില്‍ ഒരു ബസ്‌ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.
കടയ്ക്കാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഇപ്പോഴത്തെ ഭരണസമിതി ബസ്‌ഷെല്‍ട്ടറിന്റെ ആവശ്യം ചൂണ്ടിക്കാട്ടി 2013-ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്കായി പൊതുമരാമത്തുവകുപ്പിനെ സമീപിച്ചെന്ന് കടയ്ക്കാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജീവ് പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയുമായില്ല.
നിര്‍ദ്ദിഷ്ട സ്ഥലത്തിന്റെ വീതിക്കുറവാണ് ബസ്‌ഷെല്‍ട്ടര്‍ നിര്‍മാണത്തിന് തടസ്സം. എന്നാല്‍ ഓവര്‍ബ്രിഡ്ജില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് തിരിയുന്ന റോഡിന്റെ വശങ്ങള്‍ പ്രയോജനപ്പെടുത്തി വളവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ ഷെല്‍ട്ടര്‍ നിര്‍മിക്കാവുന്നതേയുള്ളു. ഓവര്‍ ബ്രിഡ്ജിന്റെ ഉയരത്തിനൊപ്പം മണ്ണിട്ട് ഉയര്‍ത്തിയാണ് ഇവിടെ അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍ തറനിരപ്പില്‍ നിന്ന് കോണ്‍ക്രീറ്റ് പില്ലറുകള്‍ നിര്‍മിച്ച് അതിനുമുകളില്‍ ബസ്‌ഷെല്‍ട്ടര്‍ നിര്‍മിക്കുകയെന്ന പ്രായോഗിക രീതി മാത്രമേ ഇവിടെ സാധ്യമാകുകയുള്ളൂ. ഇങ്ങനെ നിര്‍മാണം നടത്തിയാല്‍ യാത്രക്കാര്‍ക്ക് വിശാലമായ സ്ഥലസൗകര്യത്തോടൊപ്പം ഇരിപ്പിടങ്ങള്‍ കൂടി നിര്‍മിക്കാം.
നാലുബസ്സുകള്‍ക്ക് വരെ ഒരേസമയം നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള ബസ് ബേയും ലഭ്യമാകും. റെയില്‍വേ ഭൂമിക്കായുള്ള കാത്തിരിപ്പുമൊഴിവാക്കാം. അങ്ങനെയെങ്കില്‍ ഇനി വേണ്ടത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇച്ഛാശക്തി ഒന്നുമാത്രം.

More Citizen News - Thiruvananthapuram