നാവായിക്കുളം പോസ്റ്റോഫീസിന് സ്വന്തം കെട്ടിടം വേണമെന്നാവശ്യം

Posted on: 16 Sep 2015നാവായിക്കുളം: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാവായിക്കുളം പോസ്റ്റോഫീസിന് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു. തപാല്‍ സര്‍വീസ് ആരംഭിച്ച കാലം മുതല്‍ സര്‍ക്കാര്‍ വക സ്ഥലത്ത് സ്വന്തമായി കെട്ടിടത്തോടെയാണ് നാവായിക്കുളം പോസ്റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാലാണ് വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.
മുപ്പത് വര്‍ഷം മുന്‍പ് നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസ് കോമ്പൗണ്ടില്‍ പോസ്റ്റോഫീസും ആയുര്‍വേദ ആശുപത്രിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചിരുന്നുവെന്ന് സമീപവാസി പറഞ്ഞു. എന്നാല്‍ ആശുപത്രിക്കുളള സ്ഥലം മാത്രമാണ് അന്ന് ഉപയോഗപ്പെടുത്തിയത്. ദേശീയപാതയില്‍ നിന്ന് കുറച്ച് അകലം ഉള്ളതിനാല്‍ മെയില്‍ ഡെലിവറിക്ക് ബുദ്ധിമുട്ടാണ് എന്ന കാരണം പറഞ്ഞാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കാതെ പോയത്. ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ സ്വന്തം വാഹനത്തിലാണ് തപാല്‍ വിതരണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ദേശീയപാതയില്‍ നിന്നുള്ള അകലം ഒരു പ്രശ്‌നമല്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വാടകമുറി സ്ഥലപരിമിതമാണ്. പോസ്റ്റോഫീസുകള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നുണ്ട്. സ്ഥലക്കുറവിന്റെ പേരില്‍ പോസ്റ്റോഫീസിനെ തഴയപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
നാവായിക്കുളം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോള്‍ ഇവിടെ നാവായിക്കുളം പോസ്റ്റോഫീസിന് വേണ്ടി പുതിയ മന്ദിരം നിര്‍മിക്കണമെന്നാണ് ആവശ്യം.

More Citizen News - Thiruvananthapuram