ഗുരുമന്ദിര ആക്രമണത്തിനെതിരെ വര്‍ക്കലയിലെ ഹര്‍ത്താല്‍ പൂര്‍ണം

Posted on: 16 Sep 2015വര്‍ക്കല: വട്ടപ്ലാംമൂട്ടില്‍ ഗുരുമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വര്‍ക്കലയില്‍ ഹര്‍ത്താലാചരിച്ചു. വര്‍ക്കല നഗരസഭാ പരിധിയിലും വട്ടപ്ലാംമൂട്, തച്ചോട് മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു.
രാവിലെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. കല്ലമ്പലം, കവലയൂര്‍ ഭാഗങ്ങളില്‍ നിന്ന് വന്ന ബസ്സുകള്‍ പാലച്ചിറയില്‍ തടഞ്ഞു. ഇടവ, പാരിപ്പള്ളി ഭാഗങ്ങളില്‍ നിന്നുവന്ന ബസ്സുകള്‍ പുന്നമൂട് വരെയും കടയ്ക്കാവൂര്‍ ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ കയറ്റാഫീസ് ജങ്ഷന്‍ വരെയുമാണ് സര്‍വീസ് നടത്തിയത്. തുറന്നുപ്രവര്‍ത്തിച്ച കടകളും ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിച്ചു. നഗരസഭ ഓഫീസ്, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയും പ്രവര്‍ത്തിച്ചില്ല. ടാക്‌സികളും ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളും ഓടി.
ചൊവ്വാഴ്ച വൈകീട്ട് എസ്.എന്‍.ഡി.പി. യോഗം, വിവിധ രാഷ്ട്രീയകക്ഷികള്‍, സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തച്ചോട് നിന്ന് വട്ടപ്ലാംമൂട് വരെ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എസ്.എന്‍.ഡി.പി. ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എമ്മിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, വര്‍ക്കല കഹാര്‍ എം.എല്‍.എ, അഡ്വ.എസ്.സുന്ദരേശന്‍, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ എന്‍.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാമി പ്രകാശാനന്ദ ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടപ്ലാംമൂട് ഗുരുമന്ദിരം സന്ദര്‍ശിച്ചു. ഗുരുദേവന്റെ സമാധിസ്ഥലമായ വര്‍ക്കലയില്‍ ഗുരുമന്ദിരത്തിന് നേരെയുള്ള ആക്രമണത്തില്‍ അദ്ദേഹം പ്രതിഷേധിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍നായര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി.യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ സി.ഡി.യിലാക്കി സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഗുരുമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഫോറം ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ വര്‍ക്കല പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കണമെന്ന് പ്രസിഡന്റ് പ്രൊഫ.കുമ്മിള്‍ സുകുമാരന്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ബി.ജെ.പി. സംസ്ഥാനസമിതിയംഗം ആലംകോട് ദാനശീലന്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram