കോഴിവളര്‍ത്തല്‍ പദ്ധതി തട്ടിപ്പ്: ഗുണഭോക്താക്കള്‍ സമരം നടത്തി

Posted on: 16 Sep 2015വെള്ളറട: വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ഏജന്‍സി നടപ്പിലാക്കിയ ജൈവ കോഴി വളര്‍ത്തല്‍ പദ്ധതിയിലെ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കളും ബി.ജെ.പി. പ്രവര്‍ത്തകരും പഞ്ചായത്തോഫീസിന് മുന്നില്‍ സമരം നടത്തി.
വായ്പാത്തുക ഏജന്‍സിക്കാരില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടുള്ള ഗുണഭോക്താക്കളുടെ നിവേദനം ബാങ്ക് അധികൃതര്‍ക്ക് നല്‍കിയശേഷം കോഴിയും മുട്ടയും വഹിച്ച് സമരക്കാര്‍ വെള്ളറടയില്‍ നിന്ന് തുടങ്ങിയ പ്രകടനം പഞ്ചായത്തോഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. മണികണ്ഠന്‍ അധ്യക്ഷനായി.
ബിജു ബി.നായര്‍, കള്ളിക്കാട് രാധാകൃഷ്ണന്‍, സജി അരുവിയോട്, കാര്‍ത്തികേയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്തിലെ മണത്താട്ടം, ആറാട്ടുകുഴി, വെള്ളറട ടൗണ്‍ തുടങ്ങിയ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ജൈവ കോഴിവളര്‍ത്തല്‍ പദ്ധതി തുടങ്ങിയത്. 72-ഓളം ഗുണഭോക്താക്കളാണ് തട്ടിപ്പിനിരയായത്. ഒറ്റശേഖരമംഗലം കേന്ദ്രമായുള്ള വിഷ്ണു ഏജന്‍സിയും അടൂരിലുള്ള നോഡല്‍ ഏജന്‍സിയും പൗഡിക്കോണം സ്വദേശിയുമാണ് തട്ടിപ്പിന് പിന്നിലെന്നും തങ്ങളെ ഇവരുമായി ബന്ധപ്പെടുത്തിയത് വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് പ്രതിനിധിയാണെന്നും ഗുണഭോക്താക്കള്‍ പറയുന്നു.
ഗുണഭോക്താക്കളുടെ പേരിലുള്ള 50000 രൂപ ബാങ്ക് വായ്പാ ഏജന്‍സി കൈക്കലാക്കിയശേഷം പകുതിയോളം വിലവരുന്ന സാധനസാമഗ്രികള്‍ വിതരണം ചെയ്താണ് പദ്ധതി തുടങ്ങിയത്. പിന്നീട് നേരത്തെ നല്‍കിയിരുന്ന ഉറപ്പുകളൊന്നും അവര്‍ പാലിച്ചില്ലെന്നും മുട്ട ശേഖരിക്കുന്നതും തീറ്റ വിതരണവും ഏജന്‍സി നിര്‍ത്തിയതായും ഗുണഭോക്താക്കള്‍ ആരോപിക്കുന്നു.
പദ്ധതിയിലൂടെ 50 കോഴിയും കൂടുമാണ് നല്‍കിയത്. എന്നാല്‍ വിതരണം ചെയ്ത കൂട് ചെറുതായതിനാല്‍ കോഴികള്‍ പലതും ചത്തു. ഇതോടെ വായ്പാ ഗഡുതുക ഒടുക്കാനും ഗുണഭോക്താക്കള്‍ക്ക് നിവര്‍ത്തിയില്ലാതെയായി. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരെ ബന്ധപ്പെട്ടുവെങ്കിലും അവരും കൈയൊഴിഞ്ഞതോടെയാണ് സമരപരിപാടികള്‍ ആരംഭിച്ചതെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram