കരമന-കളിയിക്കാവിള പാത വികസനം: രണ്ടാംഘട്ട നഷ്ടപരിഹാരം ഉടന്‍ നല്‍കണം - ആക്ഷന്‍ കൗണ്‍സില്‍

Posted on: 16 Sep 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം-വഴിമുക്ക് പ്രദേശത്തെ സ്ഥലമേറ്റെടുക്കുന്നതിനായി ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിച്ച തുക ഭൂവുടമകള്‍ക്ക് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഈ ഭാഗത്തെ ബഹുഭൂരിപക്ഷം ഭൂവുടമകളും തുക അംഗീകരിച്ച് സമ്മതപത്രം നല്‍കി കാത്തിരിക്കുകയാണ്. ബാലരാമപുരം ജങ്ഷന്‍ വികസനത്തിന് അലൈന്‍മെന്റ് തയ്യാറാക്കുക, മൂന്നാം ഘട്ടമായ വഴിമുക്ക്-കളിയിക്കാവിള പാതവികസനത്തിന് വേണ്ടി നേരത്തെ തയ്യാറാക്കിയ അലൈന്‍മെന്റിന് അംഗീകാരം നല്‍കുക, പാതവികസനം നടന്ന സ്ഥലങ്ങളില്‍ കൈയേറ്റം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, പാപ്പനംകോടിനടുത്ത ആരാധനാലയം മാറ്റിസ്ഥാപിക്കുക, ബാലരാമപുരം ജങ്ഷനില്‍ ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്.മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.ജയകുമാര്‍, മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്.ലളിത്, സി.വി.ഗോപാലകൃഷ്ണന്‍ നായര്‍, എ.എം.ഹസ്സന്‍, കെ.പി.ഭാസ്‌കരന്‍, അഡ്വ. അനിരുദ്ധന്‍ നായര്‍, എം.പി.കൃഷ്ണന്‍ നായര്‍, എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram