ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തില്‍ തകരാര്‍; കനത്തമഴയില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു

Posted on: 16 Sep 2015തിരുവനന്തപുരം : വിമാനത്താവളത്തില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം സജ്ജമായില്ല. ഇതേത്തുടര്‍ന്ന് കനത്തമഴയിലും മഞ്ഞിലും വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണ് തിരുവനന്തപുരം വിമാനത്താവളത്തിലുള്ളത്. ഇതേ തുടര്‍ന്ന് കൊച്ചി, ബെംഗളൂരു, കോയമ്പത്തൂര്‍, കൊളംബോ എന്നീ വിമാനത്താവളങ്ങളിലേക്ക് വിമാനങ്ങള്‍ തിരിച്ച് വിടുകയാണ്.
പ്രതിരോധ കാലാവസ്ഥയില്‍ വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം. സാധാരണകാലാവസ്ഥയില്‍ മാത്രമാണ് ഇപ്പോള്‍ വിമാനങ്ങള്‍ ഇറക്കാനാകുക. കനത്തമഴയിലും മുടല്‍മഞ്ഞിലും തടസ്സമില്ലാതെ വിമാനമിറങ്ങിയിരുന്ന കേരളത്തിലെ ഏക വിമാനത്താവളമായിരുന്നു തിരുവനന്തപുരം. മറ്റ് വിമാനത്താവളങ്ങളില്‍ വിമാനമിറങ്ങാന്‍ കഴിയാതെ വരുമ്പോള്‍ തിരുവനന്തപുരത്തേക്കാണ് വിമാനങ്ങള്‍ തിരിച്ച് വിടുക.
ഇവിടെ 15 വര്‍ഷം മുന്‍പ് സ്ഥാപിച്ചിരുന്ന ഐ.എല്‍.എസ്. സംവിധാനം മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയതില്‍ നിന്ന് പുറപ്പെടുന്ന സിഗ്നലുകള്‍ വിമാനങ്ങളുടെ കോക്പിറ്റിലെ മോണിറ്ററില്‍ ശരിയായ രീതിയില്‍ ലഭിക്കാത്തതിനെതുടര്‍ന്ന് വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനാവാതെ പൈലറ്റുമാര്‍ കുഴയുകയാണ്. ഇതേത്തുടര്‍ന്നാണ് മഞ്ഞും മഴയും ഉള്ള കാലാവസ്ഥയില്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വിമാനങ്ങളെ തിരിച്ച് വിടുന്നത്. വിമാനമിറങ്ങുമ്പോള്‍ ഐ.എല്‍.എസ്സില്‍ നിന്ന് പുറപ്പെടുന്ന സിഗ്നലുകള്‍ കോക്പിറ്റില്‍ ലഭിക്കുന്നതനുസരിച്ച് പൈലറ്റിന് കൃത്യമായി വിമാനമിറക്കാനാവും.
തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഐ.എല്‍.എസ്സിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ 'കാലിബറേറ്റിങ് വിമാനം' എത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പ്രാഥമിക റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. റണ്‍വേ കൃത്യമായി കാണാന്‍ പൈലറ്റുമാര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്നാണിത്. പുതുതായി സ്ഥാപിച്ച ഐ.എല്‍.എസ്സിന്റെ ആന്റിനകള്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ ശരിയാകാത്തതിനെ തുടര്‍ന്നാണിത്. ഇവ മാറ്റി ഗുവാഹത്തി വിമാനത്താവളത്തില്‍ സ്ഥാപിക്കാനെത്തിച്ച ഐ.എല്‍.എസ്. സംവിധാനം തിരുവനന്തപുരത്തേക്ക് എത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് നാവിഗേഷന്‍ വിദഗ്ധര്‍ തിരുവനന്തപുരത്തെത്തി ഗുഹാവത്തിയില്‍ നിന്നെത്തിച്ച ഐ.എല്‍.എസ്സിന്റെ ആന്റിനകളടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ നേരത്തെ കണ്ടെത്തിയ പിഴവുകള്‍തന്നെ തുടരുകയാണ്. ഉപകരണത്തിന്റെ പൂര്‍ണക്ഷമത പരിശോധിക്കാനായി കാലിബറേറ്റിങ് വിമാനത്തെ വീണ്ടും എത്തിക്കേണ്ടതുണ്ട്. അതോറിറ്റി ഇതിനായി ശ്രമിക്കുകയാണ്.

More Citizen News - Thiruvananthapuram