ലൈസന്‍സ് വിവാദം തെറ്റിദ്ധാരണ പരത്താനെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌

Posted on: 16 Sep 2015നെയ്യാറ്റിന്‍കര: മാരായമുട്ടം സഹകരണ ബാങ്കിന്റെ പെട്രോള്‍ പമ്പിന്റെ ലൈസന്‍സ് വിവാദം തെറ്റിദ്ധാരണ പരത്താനെന്ന് പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ പറഞ്ഞു. സഹകരണ ബാങ്ക് മാരായമുട്ടത്ത് ആരംഭിച്ച പെട്രോള്‍ പമ്പിന് ഗ്രാമപ്പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നില്ലെന്നാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം. പമ്പ് ജീവനക്കാര്‍ ബുധനാഴ്ച സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
2009 മുതല്‍ പമ്പ് പഞ്ചായത്തിന്റെ ഡോര്‍ നമ്പരോ, ലൈസന്‍സോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് പ്രസിഡന്റ് പറയുന്നു.
പമ്പിന് പെര്‍മിറ്റും ലൈസന്‍സും എടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. ഇതിനെ തുടര്‍ന്ന് ലഭിച്ച അപേക്ഷ ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിച്ചു. ചീഫ് ടൗണ്‍ പ്ലാനര്‍ നിര്‍ദ്ദേശിച്ച തരത്തില്‍ കെട്ടിടം ക്രമവത്കരിക്കുന്നതിനോ, ലൈസന്‍സ് എടുക്കുന്നതിനോ ബാങ്ക് തയ്യാറാകാതെ ബാങ്ക് അധികൃതര്‍ നിഷേധ സമീപനമാണ് സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ ആരോപിച്ചു.
ചിറ്റാറിന് സമീപത്തായി ബാങ്ക് നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന് കെട്ടിട നമ്പര്‍ നല്‍കുന്ന കാര്യവും ടൗണ്‍ പ്ലാനറുടെ പരിഗണനയിലാണ്. പെട്രോള്‍ പമ്പ് സംബന്ധിച്ച എല്ലാ കേസുകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തിനെതിരെ തെറ്റിദ്ധാരണ പരത്താനാണ് പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അമ്പലത്തറയില്‍ ഗോപകുമാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram