രണ്ട് ഇരുതലമൂരിയുമായി ആറുപേര്‍ പിടിയില്‍

Posted on: 16 Sep 2015
തിരുവനന്തപുരം: വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് ഇരുതലമൂരിയും രണ്ട് ലക്ഷം രൂപയുമായി ആറുപേരെ ഷാഡോ പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം പി.എം.ജി. ഭാഗത്ത് വാങ്ങാനെത്തുന്നയാളെ കാത്തുനില്‍ക്കവേയാണ് ഇവര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്.

കോട്ടയം പാമ്പാടി സ്വദേശികളായ സുജിത് (25), വിന്‍സന്റ് (28), വെള്ളായണി സ്വദേശികളായ പ്രമോദ് (35), സുനില് !(28) മുട്ടയ്ക്കാട് സ്വദേശി രാജേഷ് (31), പാറശ്ശാല ചെങ്കല്‍ സ്വദേശി ഷിജിത് (44) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.

കാറിലെത്തിയ സംഘം ബാഗിനുള്ളില്‍ മണ്ണ് നിറച്ച് അതിലായിരുന്നു ഇരുതല മൂരികളെ സൂക്ഷിച്ചിരുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റൊരു പെട്ടിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇരുതല മൂരികളെ വാങ്ങാന്‍ എത്താമെന്നേറ്റ ഷാജഹാന്‍ എന്നൊരാളെ കാത്തുനില്‍ക്കുകയായിരുന്നു സംഘം. ഇയാള്‍ എവിടെയുള്ള ആളാണെന്ന് അറിയില്ലെന്നും ഫോണ്‍ നമ്പര്‍ മാത്രമേ അറിയുള്ളുവെന്നുമാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടകത്തില്‍ നിന്നാണ് ഇരുതല മൂരികളെ തിരുവനന്തപുരത്തെത്തിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുതലമൂരിയെ കാണിച്ചുകൊടുക്കുന്നതിന് സംഘം പണം ഈടാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ലഭിച്ച പണമാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇരുതലമൂരിയുടെ വില്‍പ്പനയിലൂടെ വന്‍തുക ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ വസ്തു വിറ്റും പണയപ്പെടുത്തിയും ഇരുതല മൂരിയെ സ്വന്തമാക്കിയതെന്നും പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഈ കച്ചവടത്തില്‍ തങ്ങള്‍ ആദ്യമായാണ് എത്തിയതെന്ന് സംഘം പോലീസിനോട് പറയുന്നുണ്ടെങ്കിലും ഇവരില്‍ ചിലര്‍ക്ക് ഇരുതലമൂരി കച്ചവടവുമായി നേരത്തെ തന്നെ ബന്ധമുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. സംഘത്തില്‍ നിന്ന് ഇവ വാങ്ങാന്‍ എത്താമെന്ന് ഏറ്റ ആളെ പോലീസ് തിരയുന്നുണ്ട്.

More Citizen News - Thiruvananthapuram