ഫീമെയില്‍ ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തു

Posted on: 16 Sep 2015തിരുവനന്തപുരം: കേരള സ്ത്രീപഠന കേന്ദ്രത്തിന്റെ ഫീമെയില്‍ ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ലോഗോ എഫ്.എഫ്.എസ്.ഐ. പ്രസിഡന്റ് കെ.ആര്‍.മോഹനന്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി സായി ലക്ഷ്മിക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
സിനിമകളിലെ സ്ത്രീവിരുദ്ധ ആശയങ്ങളെ തിരിച്ചറിയാനും അത്തരം ആശയങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമുള്ള വേദി എന്ന നിലയില്‍ ഫീമെയില്‍ ഫിലിം സൊസൈറ്റിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കെ.ആര്‍.മോഹനന്‍ പറഞ്ഞു. ഒരു അലങ്കാര വസ്തു എന്ന നിലയിലാണ് പല സിനിമകളിലും നായികമാരുടെ സ്ഥാനം. ഇത്തരം കാഴ്ചകളെ പുനര്‍നിര്‍വചിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി. ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ മധുപാല്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. സ്ത്രീകള്‍ക്ക് സിനിമയില്‍ ഇപ്പോള്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടു. നായികമാരുടെ വിലയിടിച്ചിരിക്കുകയാണ്. നായകനും നായികയ്ക്കും തുല്യ പ്രാധാന്യം നല്‍കുന്ന സിനിമകള്‍ വരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജയലക്ഷ്മി, സ്ത്രീപഠന കേന്ദ്രം ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
23ന് വൈകീട്ട് അഞ്ചിന് മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ സൊെസെറ്റിയുടെ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ഐ.എം.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടി കവിയൂര്‍ പൊന്നമ്മയ്ക്ക് പി.കെ.റോസി പുരസ്‌കാരം നല്‍കും. 24ന് രാവിലെ 9.30 മുതല്‍ ചലച്ചിത്ര പ്രദര്‍ശനം നടക്കും. 25ന് രാവിലെ 11ന് 'സിനിമയും സ്ത്രീയും' എന്ന വിഷയത്തില്‍ സംവാദം നടക്കും. നടി റീമ കല്ലിംഗല്‍, സംവിധായിക ശ്രീബാല കെ.മേനോന്‍, ഗായിക പുഷ്പവതി, സിനിമാ നിരൂപകന്‍ സി.എസ്.വെങ്കിടേശ്വരന്‍ എന്നിവര്‍ പങ്കെടുക്കും. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും. 26നും 27നും രാവിലെ 9.30 മുതല്‍ ചലച്ചിത്ര പ്രദര്‍ശനം നടക്കും.

More Citizen News - Thiruvananthapuram