കഥയും കവിതയുമായി കവി വയലിലിറങ്ങി: ആവേശത്തോടെ സായിഗ്രാമം

Posted on: 16 Sep 2015തോന്നയ്ക്കല്‍: പൂട്ടിയൊരുക്കിയ കണ്ടത്തില്‍ പഴങ്കഥകളും കവിതയുമായി കവി വി.മധുസൂദനന്‍ നായര്‍ വിത്തെറിഞ്ഞു. കവിയെ കാണാനും കവിത കേള്‍ക്കാനും വരമ്പിലും വയലിലും ആളുകള്‍ നിറഞ്ഞു. ചൊവ്വാഴ്ച രാവിലെ തോന്നയ്ക്കല്‍ സായിഗ്രാമത്തിന് സമീപം കണ്ടുകൃഷി ഏലായിലെ കാഴ്ചയായിരുന്നു ഇത്.
കണ്ടുകൃഷി ഏലായില്‍ 20 വര്‍ഷമായി തരിശുകിടന്ന ഒന്നരയേക്കര്‍ വയല്‍ സായിഗ്രാമം പാട്ടത്തിനെടുത്ത് നെല്‍കൃഷി തുടങ്ങുകയായിരുന്നു. സായിഗ്രാമത്തിലെ അനാഥാലയത്തിന്റെ ആവശ്യത്തിനുള്ള അരി സ്വന്തമായി ഉത്പാദിപ്പിക്കുക, നെല്‍കൃഷിയെ തിരികെ കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഉദ്യമത്തിന് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്-കേരള മുന്നോട്ട് വന്നിട്ടുള്ളത്.
പച്ചക്കറി കൃഷിയും ബയോഗ്യാസ് പ്ലാന്റും മറ്റ് ചെറുകിട ഉത്പന്നകേന്ദ്രങ്ങളും സായിഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
'സുമ' എന്ന ഇനം വിത്താണ് വിതച്ചത്. സായിഗ്രാമം ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ ഒപ്പം കൂടി.
മണ്ണാണ് മനുഷ്യന്റെ നിലനില്‍പ്പെന്ന് വി.മധുസൂദനന്‍ നായര്‍ പറഞ്ഞു. മണ്ണില്‍ നിന്ന് വിളഞ്ഞതാണ് നമ്മുടെ എല്ലാ അന്നവും. അവനവന്‍ വിതച്ചത് അവനവന്‍ കൊയ്യുന്നു. കൃഷിയിലേക്ക് മടങ്ങണമെന്നും വിദ്യാര്‍ഥികളെ
കവി ഉപദേശിച്ചു. 2015 ഒക്ടോബര്‍ 10ന് ഈ പാടത്ത് ട്രസ്റ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് ഞാറ് നടീല്‍ ചടങ്ങ് നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram