നെടുമങ്ങാട് ബസ് ടെര്‍മിനല്‍ പൂര്‍ത്തിയായി

Posted on: 15 Sep 2015ഗതാഗതപ്രശ്‌നത്തിന് പരിഹാരമാകുന്നു


നെടുമങ്ങാട് :
നെടുമങ്ങാട് നഗരത്തിന്റെ മുഖച്ഛായ മാറുന്നതരത്തിലുള്ള നെടുമങ്ങാട് ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്‌സും പൂര്‍ത്തിയായി. നഗരപ്രദേശം വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്നതരത്തില്‍ വിവിധ റൂട്ടുകളിലേക്കുള്ള ബസുകള്‍ ഒരു കുടക്കീഴില്‍ എത്തുന്നു. പല പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ തേടി നഗരത്തില്‍ അലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസവുമാകും.
ആകെ 12.61 കോടി ചെലവ്

2012 ആഗസ്ത് 15 ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തം 12.61 കോടി രൂപ ചെലവായിട്ടുണ്ട്. 2011 ലാണ് നെടുമങ്ങാട് ബസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചു പണിയുന്നതിന് തീരുമാനമെടുത്തത്. ചോര്‍ന്നൊലിച്ചും ബാത്ത് റൂമുകള്‍ നിറഞ്ഞുകവിഞ്ഞും തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ് പുതിയ ബസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. ടെര്‍മിനലില്‍ നിര്‍മിക്കുന്ന ഷോപ്പുകള്‍ ലേലം ചെയ്തും അധികമായി വരുന്ന തുക കോര്‍പ്പറേഷന്റെ ഫണ്ടില്‍നിന്ന് കണ്ടെത്തി ബസ് സ്റ്റേഷന്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ തീരുമാനം. ഡിപ്പോ നിര്‍മാണത്തില്‍ ആധുനികമായ ചില നിര്‍മാണങ്ങളും നടത്തേണ്ടിവന്നതിനാല്‍ എസ്റ്റിമേറ്റ് പിന്നീട് 9.69 കോടിയാക്കി പുതുക്കി.
5250 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ 56 കടമുറികള്‍ ഉള്‍പ്പെടുന്നുണ്ട്. സിവില്‍ വര്‍ക്കുകള്‍ക്ക് പുറമെ മതിലിനും യാര്‍ഡിനുമായി 1.18 കോടി, ഇലക്ട്രിക്കല്‍ വര്‍ക്കിനായി 47 ലക്ഷം, ഫയര്‍ 46.2 ലക്ഷം, ട്രാന്‍സ്‌ഫോര്‍മറിനായി 4 ലക്ഷം, എസ്.ടി.പി. 25 ലക്ഷം. യാര്‍ഡ് കോണ്‍ക്രീറ്റിനും ഇന്റര്‍ ലോക്കിനുമായി എം.എല്‍.എ. ഫണ്ടില്‍ നിന്നും 52 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ ആകെ നിര്‍മ്മാണ ചെലവ് 12.61 കോടി രൂപയായി.
ലേലത്തില്‍ കിട്ടിയത് 3.99 കോടി രൂപയാണ്.
പുതിയ ബസ് സ്റ്റേഷനില്‍ 56 കടമുറികളില്‍ 21 ഷോപ്പുകള്‍ ലേലത്തില്‍ പോയി. 35 ഷോപ്പുകള്‍കൂടി ഇനി ലേലം ചെയ്യാനുണ്ട്.
ബസ് ബേകള്‍ ഒരു കുടക്കീഴിലേക്ക്

മൂന്നുവര്‍ഷം നെടുമങ്ങാട് നഗരം അനുഭവിച്ച ദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. മഴയത്തും വെയിലത്തും കൊച്ചു കുട്ടികളെ പോലും കഷ്ടപ്പെടുത്തി ബസ് കാത്തു നിന്ന് മടുത്തവര്‍ക്ക് ആശ്വാസമാകുന്ന തരത്തിലാണ് ബസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായിട്ടുള്ളത്. മാര്‍ക്കറ്റ് ജങ്ഷന്‍, കച്ചേരിനട, ടൗണ്‍ എല്‍.പി.എസ്., സൂര്യ റോഡ്, കുളവിക്കോണം എന്നിങ്ങനെ അഞ്ച് മേഖലകളിലായാണ് നെടുമങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ബസ് ബേകള്‍ ക്രമീകരിച്ചിരുന്നത്. സ്ഥലക്കുറവും റോഡിന്റെ വീതിക്കുറവും കാരണം ഞെങ്ങിഞെരുങ്ങിയാണ് നഗരത്തില്‍ വാഹനഗതാഗതം നടന്നിരുന്നത്. പത്താംകല്ലില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പും മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.ഒ. ഓഫീസും ഒരേകെട്ടിടത്തില്‍ വരുന്നതോടെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കും.
ദുരവസ്ഥയില്‍നിന്ന് കരകയറുന്നു

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നെടുമങ്ങാട് ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്നുവീഴുമെന്ന അവസ്ഥയിലായിരുന്നു. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കെട്ടിടത്തിന്റെ മിക്കഭാഗങ്ങളിലും വിള്ളല്‍ വീണു. മഴക്കാലത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ഫയലുകള്‍ വെള്ളം കയറി നശിച്ചു. യാത്രക്കാര്‍ക്കായി കെട്ടിയ കാത്തിരിപ്പുകേന്ദ്രം തകര്‍ന്നു വീണുകൊണ്ടിരുന്നു. വര്‍ക്ക് ഷോപ്പ് കെട്ടിടം മഴക്കാലത്ത് വെള്ളപ്പൊക്കത്തിലാകും. ബാത്ത് റൂമുകള്‍ നിറഞ്ഞ് കവിഞ്ഞും പൊട്ടിയൊലിച്ചും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാണ് നല്‍കിയത്. ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ജനപ്രതിനിധികളെ കൊണ്ട് ബസ് സ്റ്റാന്‍ഡ് കെട്ടിടം പുതുക്കിപ്പണിയാന്‍ തീരുമാനമെടുപ്പിച്ചു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും 'മാതൃഭൂമി'യുടെ ശ്രദ്ധയും കരുതലും ഒപ്പമുണ്ടായിരുന്നു. നിര്‍മാണം നിലച്ചഘട്ടമായപ്പോഴൊക്കെ 'മാതൃഭൂമി'യുടെ ഇടപെടല്‍ കരുത്തുറ്റതായി. സപ്തംബര്‍ 23 ന് ബസ് സ്റ്റാന്‍ഡ് നാടിന് സമര്‍പ്പിക്കുമ്പോള്‍ ഒരു ദശകമായി നെടുമങ്ങാട് കാത്തിരുന്ന വികസനം പൂര്‍ണതയിലെത്തുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്.
റാമ്പ് നിര്‍മാണം പൂര്‍ത്തിയായില്ല

നെടുമങ്ങാട് ബസ് സ്റ്റേഷന്‍ വര്‍ക്ക് ഷോപ്പിന് മൂന്നു റാമ്പുകളുണ്ടായിരുന്നു. പുതിയ നിര്‍മാണത്തില്‍ റാമ്പുകള്‍ നിര്‍മിച്ചിട്ടില്ല. റാമ്പുകളുടെ നിര്‍മാണത്തിന് 23 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി പാലോട് രവി എം.എല്‍.എ. അറിയിച്ചു. ആദ്യ ബ്ലോക്ക് ബേസ്‌മെന്റ് ഫ്‌ളോറിന് മുകളില്‍ ഹാള്‍ നിര്‍മിക്കുന്നതിന് 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.
ഉദ്ഘാടനം പ്രമാണിച്ച് മൂന്നു ബസുകള്‍

സപ്തംബര്‍ 23 ന് നടക്കുന്ന ബസ് സ്റ്റേഷന്‍ ഉദ്ഘാടനം പ്രമാണിച്ച് പുതിയ ബസുകള്‍ അനുവദിക്കുന്നതിന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായതായി പാലോട് രവി എം.എല്‍.എ. അറിയിച്ചു. നെടുമങ്ങാട് -മാനന്തവാടി / സുല്‍ത്താന്‍ബത്തേരി, നെടുമങ്ങാട് -വഴിക്കടവ് (ഗൂഡല്ലൂര്‍ റൂട്ട് ) എന്നീ ദീര്‍ഘദൂര സര്‍വീസുകളും നെടുമങ്ങാട് -പെരുമാതുറ, കുളത്തൂപ്പുഴ, വിതുര ചെയിന്‍ സര്‍വീസുകളും കൂട്ടുന്നതിനും, ഡിപ്പോയുടെ വരുമാനം ഉയര്‍ത്തുന്നതിനും ഷെഡ്യൂള്‍ പരിഷ്‌കരണം നടത്താനും തീരുമാനമായി.


More Citizen News - Thiruvananthapuram