ചേപ്പിലോട് പാലം ബീമിനുമുകളില്‍ കയറ്റാനുള്ള പണികള്‍ തുടങ്ങി

Posted on: 15 Sep 2015പാലോട്: ചേപ്പിലോട് പാലത്തിന്റെ നിര്‍മാണത്തിന് വീണ്ടും ജിവന്‍െവക്കുന്നു. കരയിലിരിക്കുന്ന പാലം ബീമിനുമുകളില്‍ കയറ്റാനുള്ള പണികള്‍ തുടങ്ങി. തൂത്തുക്കുടിയില്‍നിന്ന് കരാറുകാരന്‍ എത്തിച്ച ഖലാസികളും, തമിഴ് തൊഴിലാളികളുമടങ്ങുന്ന ഇരുപതംഗ സംഘമാണ് പാലം പണികള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. പല്‍ച്ചക്രങ്ങള്‍ ചുറ്റിയ വലിയ വീല്‍ (വിഞ്ച്) ഉപയോഗിച്ചാണ് പാലം ബീമില്‍ കയറ്റുന്നത്. മുപ്പത് ടണ്‍ വരെ ഉയര്‍ത്താവുന്ന വിഞ്ച് ഉപയോഗിച്ചാണ് പണി തുടരുന്നത്. പാലം പണിക്ക് ആറിന്റെ മറുകരയില്‍ ഭൂമി വിട്ടു കിട്ടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വ്യാഴാഴ്ചയോടെ പാലം ഉയര്‍ത്തി യഥാസ്ഥാനത്ത് വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
മൂന്നു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേപ്പിലോട് പാലത്തിന്റെ നിര്‍മാണം ത്രിശങ്കുവില്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ നടപടികള്‍ ധൃതഗതിയിലാക്കിയത്. പണിതുടങ്ങി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കരയിലിരിക്കുന്നപാലം ബീമിനുമുകളില്‍ കയറ്റാനാകുന്നില്ല. പാലത്തിന്റെ നിര്‍മാണത്തിന് തുടക്കത്തില്‍തന്നെ തടസ്സവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പുല്ലമ്പാറ, കല്ലറ, നന്ദിയോട് പഞ്ചായത്തുകളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കാനായി ജില്ലാ പഞ്ചായത്ത് മൂന്നുവര്‍ഷം മുമ്പാണ് മുപ്പത്തിയെട്ട് ലക്ഷം രൂപ ചെലവിട്ട് ചേപ്പിലോട് പാലത്തിന് തറക്കല്ലിട്ടത്. സ്ഥലമേറ്റടുപ്പായിരുന്നു ആദ്യത്തെ കീറാമുട്ടി. ചേപ്പിലോട്‌നിന്ന് പാലത്തിലെത്തേണ്ട പാതയ്ക്ക് സ്ഥലവാസി ബാലചന്ദ്രന്‍ ഭൂമി വിട്ടുനല്‍കിയതോടെ പാലംപണി ആരംഭിച്ചു. എന്നാല്‍ പാലത്തിന്റെ മറുകരയില്‍ ഭൂമികിട്ടിയില്ല. പുല്ലമ്പാറ പഞ്ചായത്ത് ഈക്കാര്യത്തില്‍ വേണ്ടത്ര താത്പര്യവും കാട്ടിയില്ല. ഇവിടെ ഭൂമികിട്ടാത്തതിനാല്‍ അഞ്ചരമീറ്റര്‍ വീതിയില്‍ ഇരുമ്പ് പാളങ്ങള്‍കൊണ്ട് കരയില്‍ വെച്ചുതന്നെ പാലം നിര്‍മിക്കേണ്ടിവന്നു. പാലം എടുത്ത് ബീമിനു മുകളില്‍ സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ രണ്ടുവട്ടവും പരാജയമായി. പാലത്തിനു വേണ്ടി ഇറക്കിയിട്ട ഇരുമ്പ് പാളങ്ങളും, ഉപകരണങ്ങളും തുരിമ്പെടുത്ത് നശിച്ചു തുടങ്ങി. പാലത്തില്‍നിന്നും താഴെ ഇറങ്ങാന്‍ പത്തടിയിലേറെ താഴ്ചയുണ്ട്. പാലത്തില്‍ നിന്ന് ഏണി െവച്ച് താഴെയിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍. പാലം യാഥാര്‍ഥ്യമായാല്‍ നന്ദിയോട് പഞ്ചായത്തില്‍ നിന്നും, ചേപ്പിലോട്ടുനിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് വളരെപ്പെട്ടന്ന് മുതുവിളയിലും, അവിടെനിന്ന് പുല്ലമ്പാറ പഞ്ചായത്ത് ഓഫീസിലും എത്താം. മുതുവിള യു.പി,എസ്. മിതൃമ്മല എച്ച്,എസ്.എസ്. എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ചേപ്പിലോട്ട് നിന്ന് വാമനപുരം ആറ് നീന്തികടന്നാണ് പള്ളിക്കൂടത്തില്‍ എത്തുന്നത്. പത്തു കിലോമീറ്റര്‍ ചുറ്റിക്കറങ്ങി ഇരുനൂറ്റി അന്‍പതു രൂപവരെ ഓട്ടോ കൂലിനല്‍കിയാണ് ഇപ്പോള്‍ പുറം ലോകവുമായി ഇവര്‍ ബന്ധപ്പെടുത്. മുത്തുക്കാവ്, ചേപ്പിലോട്, പാണയം, കല്ലുവരമ്പ് തുടങ്ങിയ പിന്നാക്ക പ്രദേശങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് ഈപാലം.

More Citizen News - Thiruvananthapuram