തദ്ദേശ തിരഞ്ഞെടുപ്പ്: ഇ-ഡ്രോപ് പദ്ധതിയുടെ പരിശീലനം നാളെ തുടങ്ങും

Posted on: 15 Sep 2015തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഇ-ഡ്രോപ് പദ്ധതിയുടെ ജില്ലാതല പരിശീലനം സപ്തംബര്‍ 16, 17 തീയതികളില്‍ നടക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി.) ഉദ്യോഗസ്ഥര്‍ പരിശീലനത്തിന് സാങ്കേതിക നേതൃത്വം നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കാണ് പരിശീലനം. പരിശീലന പരിപാടിയുടെ ജില്ലാതല നോഡല്‍ ഓഫീസറായി അതത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ (എ.ഡി.എം.) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുക. ഇവരുടെ പട്ടിക തയ്യാറാക്കല്‍, നിയമനം തുടങ്ങിയ കാര്യങ്ങളാണ് ഇ-ഡ്രോപ് സംവിധാനം വഴി നിര്‍വഹിക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി എന്‍.ഐ.സി.യാണ് ഇ-ഡ്രോപ് സംവിധാനത്തിന്റെ സോഫ്‌റ്റ്വെയര്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ കളക്ടര്‍മാരുടെ യോഗം ചേരും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.
വോട്ടര്‍പ്പട്ടികയുടെ പ്രസിദ്ധീകരണം, സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, വോട്ടെണ്ണല്‍ സംവിധാനം, വരണാധികാരികളുടെ നിയമനം, ജില്ലാ കണ്‍ട്രോള്‍ റൂമുകളുടെ രൂപവത്കരണം, പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായുള്ള സമിതികളുടെ രൂപവത്കരണം, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നിവ ചര്‍ച്ച ചെയ്യും. വാഹനസൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പോളിങ് സ്റ്റേഷന്‍ നിര്‍ണയം, സ്റ്റേഷനറി/അച്ചടി സാമഗ്രികളുടെ വിതരണം, ഫലപ്രഖ്യാപന സംവിധാനം, വിദൂരമേഖലയിലെ പോളിങ് സ്റ്റേഷനുകള്‍, സെന്‍സിറ്റീവ് പോളിങ് ബൂത്തുകളുടെ നിര്‍ണയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

More Citizen News - Thiruvananthapuram