കുട്ടിമോഷ്ടാക്കള്‍ പോലീസ് പിടിയില്‍

Posted on: 15 Sep 2015കടയ്ക്കാവൂര്‍: ദുര്‍ഗുണപരിഹാര പാഠശാലയില്‍നിന്ന് പുറത്തുചാടി ബൈക്കുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍. മോഷണക്കുറ്റത്തിന് ദുര്‍ഗുണപരിഹാര പാഠശാലയില്‍ എത്തിയ നാലുപേരാണ് ഒരുമിച്ച് പുറത്തുചാടി മോഷണം നടത്തി പിടിയിലായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തിയ പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയത്.
രണ്ട് ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന ഇവരെ കടയ്ക്കാവൂര്‍ ചെക്കാലവിളാകം ജങ്ഷനില്‍ പോലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. കരകുളം, കടയ്ക്കല്‍, കടയ്ക്കാവൂര്‍, പാച്ചിറ സ്വദേശികളാണ് പിടിയിലായവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടുബൈക്കുകളെ കൂടാതെ മൂന്നാമതൊരു വാഹനവും ഇവരില്‍നിന്ന് പോലീസ് കണ്ടെടുത്തു. മൂന്ന് ബൈക്കുകളും നെടുമങ്ങാട് താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് മോഷ്ടിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.
നിരവധി മോഷണക്കേസുകളിലും എ.ടി.എം. കവര്‍ച്ച കേസിലും പിടിക്കപ്പെട്ട് ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആര്‍. പ്രതാപന്‍ നായര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജാദ്, സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍, അഡീഷണല്‍ എസ്.ഐ. ശ്രീകുമാര്‍, എ.എസ്.ഐ. വിനോദ്കുമാര്‍, സി.പി.ഒ. മാരായ സാജന്‍, പ്രകാശ്, പ്രിജില്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിമോഷ്ടാക്കളെ പിടിച്ചത്.
ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 19വരെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram