റോഡുവക്കില്‍ കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങള്‍ അപകടഭീഷണിയാകുന്നു

Posted on: 15 Sep 2015വെള്ളറട: മലയോരറോഡുകളുടെ വക്കില്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്ന സ്വകാര്യ സാമില്ലുകളിലെ തടിക്കഷണങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി സൃഷ്ടിക്കുന്നതായി പരാതി. കുന്നത്തുകാല്‍-മഞ്ചവിളാകം റൂട്ടിലും, കിളിയൂര്‍ ജങ്ഷന് സമീപത്തും മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങളാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്.
സ്‌കൂള്‍ വാഹനങ്ങളും ബസ് സര്‍വീസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിവസേന ഈ റൂട്ടുകളിലൂടെ കടന്നുപോകുന്നുണ്ട്. ഒരേസമയം രണ്ട് ബസുകള്‍ സഞ്ചരിക്കാന്‍ സൗകര്യമുള്ള ഈ റോഡുകളില്‍ നടപ്പാത കൈയേറി തടിക്കഷണങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത് കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളില്‍നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നതിനിടയില്‍ പലരും തടിയില്‍തട്ടി വീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ രാത്രിയില്‍ ഇരുചക്രവാഹനയാത്രികരും ഇവിടെ അപകടത്തില്‍പ്പെടുന്നുണ്ട്.
ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും തടികള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.

More Citizen News - Thiruvananthapuram