പാലക്കടവ്-കണ്ണംകുഴി റോഡ് തകര്‍ന്നു

Posted on: 15 Sep 2015നെയ്യാറ്റിന്‍കര: പാലക്കടവ്-കണ്ണംകുഴി വഴി അമരവിളയിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര ദുരിതപൂര്‍ണമാവുകയാണ്.
അമരവിള റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡാണിത്. നെയ്യാറ്റിന്‍കര കോടതി റോഡിന്റെ തുടര്‍ച്ചയായുള്ള ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും നഗരസഭയോ, പൊതുമരാമത്ത് വകുപ്പോ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പാലക്കടവ് ചെക്ക് പോസ്റ്റ്, രാമേശ്വരം ഗുരുസ്വാമി ക്ഷേത്രം, പടിയത്ത് ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രം, കീഴെതെരുവ് മുത്താരമ്മന്‍ കോവില്‍ എന്നിവിടങ്ങളിലേക്കെല്ലാം പോകാനുള്ള ഏക റോഡാണ് കാല്‍നട യാത്രപോലും ദുഷ്‌കരമായി തകര്‍ന്ന് കിടക്കുന്നത്. ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റോഡുവഴി കടന്നുപോകുന്നത്.
അമിതഭാരത്തിലുള്ള വാഹനങ്ങളുടെ നിര്‍ബാധമുള്ള ഓട്ടം കാരണമാണ് റോഡ് തകരാന്‍ കാരണം. ഇതിനൊപ്പം റോഡിന് ഇരുവശത്തും ഓടയില്ലാത്തതും റോഡ് തകരാന്‍ ഇടയാക്കുന്നു. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് കവലയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടാല്‍ അമരവിള ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഈ റോഡിലൂടെയാണ്.
നെയ്യാറ്റിന്‍കരയില്‍ നിന്നും ചായ്‌ക്കോട്ടുകോണത്തേയ്ക്കും മാരായമുട്ടത്തേയ്ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതാണീ റോഡ്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെയുള്ള വാഹനയാത്ര നടുവൊടിക്കും. റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.


More Citizen News - Thiruvananthapuram