മാറനല്ലൂര്‍ പഞ്ചായത്തിന്റെ വൈദ്യുത ശ്മശാനം പദ്ധതി കേരളത്തില്‍ ആദ്യം-വി.എസ്.അച്യുതാനന്ദന്‍

Posted on: 15 Sep 2015മാറനല്ലൂര്‍: കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് വൈദ്യുത ശ്മശാനം നിര്‍മ്മിക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് മാറനല്ലൂര്‍ പഞ്ചായത്തില്‍ വൈദ്യുത ശ്മശാനത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ വികസനകുതിപ്പ് നടത്തുകയാണെന്നും ഇതിന്റെ തെളിവാണ് മാറനല്ലൂരിന്റെ വികസനോത്സവമെന്നും അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്ത് സംഘടിപ്പിച്ച വികസനോത്സവം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. സ്​പീക്കര്‍ എന്‍.ശക്തന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ സ്വാഗതം പറഞ്ഞു. ഡോ.എ.സമ്പത്ത് എം.പി. മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.എ.സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍, സി.ഡി.എസ്. അധ്യക്ഷ ശോഭനാ ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ത്രേസ്യാമ്മ ആന്റണി എന്നിവര്‍ സംസാരിച്ചു. മാറനല്ലൂര്‍ കവലയില്‍ സ്ഥാപിച്ച സി.സി.ടി.വി. കാമറയുടെ ഉദ്ഘാടനം, കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം, ഓട്ടോറിക്ഷാ വിതരണം, ഭവന നിര്‍മ്മാണ പദ്ധതി, ഭൂമി വാങ്ങല്‍ പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി, എസ്.ടി.വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം, കേരളോത്സവ മത്സര വിജയികള്‍ക്ക് സമ്മാനദാനം, കുടുംബശ്രീ, ബാലസഭാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ ചടങ്ങില്‍ നടന്നു.

More Citizen News - Thiruvananthapuram