കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കട്ടപ്പുറത്ത്; ആറ്റിങ്ങലില്‍ ജനം വലയുന്നു

Posted on: 15 Sep 2015ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി. സി. ആറ്റിങ്ങല്‍ ഡിപ്പോയിലെ നിരവധി ബസുകള്‍ കട്ടപ്പുറത്ത്. ഓടിക്കുന്ന ബസുകളില്‍ പലതും വഴിയില്‍ കേടാകുന്നു. യാത്രക്കാര്‍ ദിവസവും പെരുവഴിയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ലാത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു.
ഡിപ്പോയില്‍ 14 ബസുകള്‍ എന്‍ജിനില്ലാതെ കട്ടപ്പുറത്താണ്. ഇവയുടെ എന്‍ജിന്‍ നന്നാക്കുന്നതിനായി പാപ്പനംകോട്ടേക്ക് അയച്ചിട്ട് മാസങ്ങളായെങ്കിലും ഇവ ഇതുവരെ നന്നാക്കി തിരിച്ചെത്തിച്ച് ബസുകള്‍ നിരത്തിലിറക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെ ബസുകള്‍ സര്‍വീസ് നടത്തുന്നതാണ് തകരാറായി വഴിയില്‍ കിടക്കാനിടയാക്കുന്നത്. തിങ്കളാഴ്ച ഡിപ്പോയില്‍ നിന്നയച്ച നാല് ബസാണ് ഇത്തരത്തില്‍ വഴിയില്‍ നിന്നത്. പെരുവഴിയിലായ യാത്രക്കാര്‍ അതേ റൂട്ടില്‍ അടുത്ത കെ. എസ്.ആര്‍.ടി.സി. വരുന്നത് വരെ കാത്തുനിന്ന് പോകണം. അല്ലെങ്കില്‍ ടിക്കറ്റ്കാശ് നഷ്ടപ്പെടുത്തി മറ്റ് വാഹനങ്ങളില്‍ കയറി പോകണം.
ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് 102 സര്‍വീസുകളാണ് ദിവസവും നടത്തേണ്ടത്. എന്നാല്‍ 80 ല്‍ താഴെ സര്‍വീസാണ് മാസങ്ങളായി നടത്തുന്നത്. ഇതിലാണ് 14 ബസുകള്‍ എന്‍ജിനില്ലാതെ കട്ടപ്പുറത്തായത്.
സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ ബസുകള്‍ വഴിയില്‍ കിടക്കുന്നതൊഴിവാക്കാനാകുമെന്ന് കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ ആറ്റിങ്ങല്‍ യൂണിറ്റ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആറ്റിങ്ങല്‍ ഡിപ്പോയിലേക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് കണിയാപുരം ഡിപ്പോ സന്ദര്‍ശിക്കാനെത്തിയ സോണല്‍ ഓഫീസറെ ഡിപ്പോയിലെ ജിവനക്കാര്‍ തടഞ്ഞുവച്ചിരുന്നു. സ്‌പെയര്‍ പാര്‍ട്‌സുകളില്ലാത്തതിനാല്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
ആറ്റിങ്ങല്‍ ഡിപ്പോയില്‍ ബസുകള്‍ക്ക് ടയറില്ലാതെയും എന്‍ജിന്‍ ഓയിലില്ലാതെയും സര്‍വീസ് മുടങ്ങിയ ദിവസങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടക്കാലത്ത് സ്‌പെയര്‍ പാര്‍ട്‌സുകള്‍ പുറമേനിന്ന് വാങ്ങാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കി.
യാത്രക്കാര്‍ കൂടുതലുള്ള രാവിലെയും വൈകീട്ടും ആറ്റിങ്ങലില്‍ യാത്രാക്ലേശം രൂക്ഷമാണ്. തിരുവനന്തപുരത്തും കൊല്ലത്തും പഠിക്കുന്ന കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി. സി മാത്രമാണ് ആശ്രയം. വര്‍ക്കല-ആറ്റിങ്ങല്‍ -മെഡിക്കല്‍കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ആറ് ബസുകള്‍ വര്‍ക്കല- ആറ്റിങ്ങല്‍ റൂട്ടിലേക്ക് വെട്ടിച്ചുരുക്കി. നേരത്തേ ആറ്റിങ്ങല്‍-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 12 സര്‍വീസുകളില്‍ ആറെണ്ണം മെഡിക്കല്‍ കോളേജിലേക്ക് നീട്ടുകയായിരുന്നു. വരുമാനം ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ഇത് പിന്‍വലിച്ച അധികൃതര്‍ ഇപ്പോള്‍ 12 ബസും ആറ്റിങ്ങല്‍ - വര്‍ക്കല റൂട്ടിലോടിക്കുകയാണ്. തിരുവനന്തപുരത്തേക്കുള്ള ബസുകളില്‍ തിരക്ക് കൂടാന്‍ ഈ നടപടിയും ഇടയാക്കി. മെഡിക്കല്‍ കോളേജിലേക്കുള്ള രോഗികള്‍ പോലും ബസുകളില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ്.
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് അന്വേഷണം വേണമെന്നും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ബസുകള്‍ അടിയന്തരമായി നിരത്തിലിറക്കണമെന്നും കെ. എസ്.ആര്‍.ടി.ഇ.എ. ആവശ്യപ്പെട്ടു.


More Citizen News - Thiruvananthapuram