ബൈക്ക് തടഞ്ഞുനിര്‍ത്തി ദമ്പതിമാരെ ഏഴംഗസംഘം ആക്രമിച്ചു

Posted on: 15 Sep 2015വെള്ളറട: ആനപ്പാറയ്ക്ക് സമീപം ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ കാറിലും മറ്റൊരു ബൈക്കിലുമായി എത്തിയ ഏഴംഗസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിനിടയില്‍ ദമ്പതിമാരുടെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം നടന്നതായും പരാതിയുണ്ട് . മുന്‍വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ്.
കുടപ്പനമൂട് പൊട്ടന്‍ചിറ മനുഭവനില്‍ മനു(27), ഭാര്യ ശ്യാമ(23) എന്നിവരാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇരുവരെയും വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ആനപ്പാറ ജങ്ഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം മനുവും ഭാര്യയും ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ദമ്പതിമാരുടെ നിലവിളികേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ അക്രമികള്‍ വാഹനങ്ങളില്‍ രക്ഷപ്പെട്ടു. കാറില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ചാണ് അടിച്ചതെന്നും ഇരുവരുടെയും കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. തന്റെ ബന്ധുക്കളായ രണ്ട് യുവാക്കള്‍ ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതിനുമുമ്പ് രണ്ടുതവണ ഇവരുടെ ആക്രമണം ഉണ്ടായതായും മനു പോലീസില്‍ മൊഴിനല്‍കി.
അമ്പൂരി ജിത്തു ഭവനില്‍ ശ്രീജില്‍(27), സഹോദരന്‍ ശ്രീജിത്ത്, കണ്ടാലറിയാവുന്ന അഞ്ചുപേര്‍ ഉള്‍െപ്പടെ ഏഴംഗസംഘത്തിനെതിരെ കേസെടുത്തതായി വെള്ളറട എസ്.ഐ. ഷിബുകുമാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram