തീരദേശത്ത് സമാന്തര വാഹനസര്‍വീസുകാര്‍ പിടിമുറുക്കുന്നു

Posted on: 15 Sep 2015പൂവാര്‍: കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്കിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ സമാന്തര വാഹനങ്ങളുടെ നിയന്ത്രണത്തില്‍. പൂവാര്‍ ഡിപ്പോയില്‍ നിന്ന് 40ന് താഴെ ബസ്സുകള്‍ ഓടിക്കുമ്പോള്‍ സമാന്തരക്കാര്‍ 60-ല്‍ അധികം വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. ഈ വാഹനങ്ങളെല്ലാം ഓരോ കെ.എസ്.ആര്‍.ടി.സി. ബസ്സുകളോടും മത്സരിച്ചാണ് ഓടുന്നത്.
പൂവാര്‍ ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന പൂവാര്‍, കളിയിക്കാവിള, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം റൂട്ടുകള്‍ സമാന്തര വാഹനങ്ങള്‍ അടക്കി വാഴുകയാണ്. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ തിരക്കുള്ള സമയങ്ങളില്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്. ഡിപ്പോയില്‍ അവശ്യത്തിന് ബസ് ഇല്ലാത്തതാണ് കാരണം. ഇത് മുന്നില്‍കണ്ട് സമാന്തര വാഹനങ്ങള്‍ കൂടുതല്‍ സര്‍വീസുകളാണ് പൂവാറില്‍ നിന്ന് ആരംഭിക്കുന്നത്.
പൂവാര്‍ ബസ് സ്റ്റാന്‍ഡിന്റെ മുന്നിലും വശങ്ങളിലും ഗതാഗത തടസ്സമുണ്ടാക്കിയാണ് സമാന്തര വാഹനങ്ങള്‍ യാത്രക്കാരെ ശേഖരിക്കുന്നുത്. ആവശ്യത്തിന് ബസ് ഇല്ലാത്തതിനാല്‍ പലപ്പോഴും യാത്രക്കാര്‍ സമാന്തര വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതിയാണിവിടെ. സമാന്തര വാഹനങ്ങള്‍ ഉള്ളതുകൊണ്ട് ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യസമയങ്ങളില്‍ എത്താന്‍ കഴിയുന്നുവെന്നാണ് പൂവാറിലെത്തുന്ന പല യാത്രക്കാരും പറയുന്നത്.
15 യാത്രക്കര്‍ കയറേണ്ട വാഹനത്തില്‍ 25-ല്‍ അധികം പേരെയാണ് കയറ്റുന്നത്. വാതിലില്‍ തൂങ്ങിയും ചവിട്ടുപടിയില്‍ നിന്നുമാണ് ജനങ്ങളുടെ യാത്ര. ഇത് പലപ്പോഴും അപകടങ്ങളും ഉണ്ടാക്കുന്നു. അടുത്ത കാലത്ത് ബസ്സ് സ്റ്റാന്‍ഡിന് മുന്നില്‍നിന്ന് യാത്രക്കാരെ കയറ്റുന്നത് അധികൃതര്‍ നിയന്ത്രിച്ചിരുന്നു. ബസ്സുകളുടെ കുറവുകാരണം അതിനും അധികൃതര്‍ക്കാവുന്നില്ല. കൂടാതെ അതിരാവിലെ തന്നെ പൂവാര്‍-കളിയിക്കാവിള പൂവാര്‍-നെയ്യാറ്റിന്‍കര, പൂവാര്‍-വിഴിഞ്ഞം റോഡുകള്‍ മുഴുവന്‍ സമാന്തര വാഹനങ്ങളെക്കൊണ്ട് നിറയും. ഇത് പൂവാറില്‍ ഗതാഗത പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. റോഡുകള്‍ കൈയേറിയുള്ള വാഹന പാര്‍ക്കിങ് യാത്രക്കാര്‍ക്ക് അപകടഭീഷണിയും ഉയര്‍ത്തുന്നു.

More Citizen News - Thiruvananthapuram